സന്ധ്യക്ക്‌ നാമം ചൊല്ലണം, അതും ഉറക്കെ,
അമ്പലക്കുളത്തില്‍ മീന്‍ പിടിക്കാന്‍ പാടില്ല, സോപ്പ് ഉപയോഗിക്കാന്‍ പാടില്ല.!
പാമ്പും കാവില്‍ നിന്ന് ഒരു ചുള്ളികമ്പു പോലും ഒടിക്കാന്‍ പാടില്ല.!
ഭക്ഷണം കഴിക്കുമ്പോള്‍ ഒരു വറ്റ് പോലും കളയാന്‍ പാടില്ല.!
മുതിര്‍ന്നവരെ ചവുട്ടാന്‍ പാടില്ല, അഥവാ ചവുട്ടിയാല്‍ തൊട്ടു നെറുകയില്‍ വെക്കണം.!
തുളസി, കറുക, ബ്രഹ്മി..ഇതൊന്നും നശിപ്പിക്കാന്‍ പാടില്ല.!

ഇതൊക്കെ , എഴുപതുകളില്‍ , ഒരു ശരാശരി നാട്ടിന്‍പുറത്ത് കുട്ടികള്‍ കേട്ട് പഴകിയ 'അരുത്'കളാണ്, നിര്‍ബന്ധങ്ങളും !  വേറെയും ഉണ്ട് ഇതുപോലെ ഉള്ള ആചാരങ്ങള്‍, മര്യാദകള്‍..

പക്ഷെ എണ്‍പതുകളില്‍ ഇതിനെയൊക്കെ ചോദ്യം ചെയ്യാനുള്ള 'യുക്തി'വാദം മനസ്സില്‍ കയറിയത് പുരോഗമന പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുകയും അവരുടെ ക്ലാസുകളില്‍ പങ്കെടുക്കുകയും ചെയ്തു തുടങ്ങിയപ്പോള്‍ മുതലാണ്‌.
ഇല്ലെങ്കില്‍?  ചെയ്താല്‍? എന്തുണ്ടാകും?  എന്നിങ്ങനെ ധാര്‍ഷ്ട്യം കലര്‍ന്ന വെല്ലുവിളികള്‍ ഉയര്‍ത്താന്‍ തുടങ്ങി.

സത്യമാണ്, നാമം ചൊല്ലാതിരിന്നത് കൊണ്ടു മാത്രം പരീക്ഷക്ക്‌ മാര്‍ക്ക് കുറഞ്ഞൊന്നും ഇല്ല!
അമ്പലക്കുളത്തില്‍ മീന്‍ പിടിച്ചത് കൊണ്ടൊ, സോപ്പ് ഉപയോഗിച്ചത്‍ കൊണ്ടൊ അപകടം ഒന്നും വന്നില്ല!
പാമ്പും കാവില്‍ നിന്ന് കാരപ്പഴം തിന്നിട്ട് വായില്‍ പുണ്ണും വന്നില്ല..!
മുതിര്‍ന്നവരെ ചവുട്ടിയിട്ടു കാലില്‍ മന്ത് വന്നില്ല.!

പക്ഷെ... കുളങ്ങളായ കുളങ്ങള്‍ എല്ലാം മാലിന്യം കൊണ്ടു കൊഴുത്തു ചുവന്നു പോയി!
സന്ധ്യക്ക്‌ എല്ലാവരും ടീവിയുടെ മുന്നിലായി..
പച്ചത്തുരുത്ത് ആയിരുന്ന കാവുകള്‍ വെട്ടി വെളുപ്പിച്ചു!
ഒരു മണി അരി ഉണ്ടാക്കുന്നതിന്‍റെ കഷ്ടപ്പാട് ആരും പറയാതെയായി, അറിയാതെയായി!
മുതിര്‍ന്നവരോട് ഒട്ടും ബഹുമാനം ഇല്ലാതെയും ആയി..
തുളസിയും, കറുകയും, ബ്രഹ്മിയും..നട്ടാല്‍ മുളക്കാതെയായി..കാണുന്നത് പരസ്യങ്ങളില്‍ മാത്രമായി!!

എന്ത് 'യുക്തി' ആയിരുന്നു ഇത്തരം നിര്‍ദോഷ ആചാരങ്ങളെ എതിര്‍ക്കാന്‍ പ്രേരിപ്പിച്ചത് എന്ന് ഇന്ന് ഓര്‍ക്കുമ്പോള്‍ നിരാശ തോന്നും. വിശ്വാസങ്ങള്‍ അന്ധമാകാതിരിക്കണം എന്നത് പോലെതന്നെ, എതിര്‍പ്പുകളും അന്ധമാകാതിരിക്കണം എന്ന് തിരിച്ചറിയാന്‍ വൈകിപോകുന്നത് അത്ര നല്ല ലക്ഷണം അല്ല.

പ്രകൃതിക്ക് ഇണങ്ങുന്ന , അതിനെ സംരക്ഷിക്കുന്ന എല്ലാ വിശ്വാസങ്ങളെയും ആചാരങ്ങളെയും അങ്ങിനെതന്നെ നിലനിര്‍ത്താന്‍ കുറച്ചു തീവ്രവാദി ആകുന്നതില്‍ തെറ്റില്ല എന്ന് ഇപ്പോള്‍ തോന്നുന്നു!

ചായ കുടിച്ചു കഴിഞ്ഞ് വലിച്ചെറിയാന്‍ പാകത്തിലുള്ള ഒരു Disposable ഗ്ലാസ്‌ അല്ലല്ലോ ഈ ഭൂമി! നമുക്ക് കിട്ടിയ കോലത്തിലെങ്കിലും, അടുത്ത തലമുറയ്ക്ക് ഇത് കൈമാറാന്‍ നമുക്ക് ഉത്തരവാദിത്വം ഉണ്ട്!

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം