ക്യാരറ്റ് കഴിക്കുന്നത്‌ ശീലമാക്കൂ
-------------------------------
കിഴങ്ങുവര്‍ഗത്തിലെ റാണിയായി അറിയപ്പെടുന്ന കാരറ്റ് നമുക്ക് വളരെ പ്രിയപ്പെട്ട പച്ചക്കറി വിളയാണ്. കരോട്ടിനാണ് കാരറ്റിലേറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത്. കരോട്ടിന്‍ ശരീര ത്തില്‍ ജീവകം എ ആയി മാറ്റപ്പെടുന്നു. കൂടാതെ, ജീവകം ബി, ജീവകം സി. എന്നിവയും കാരറ്റില്‍ അടങ്ങിയിരിക്കുന്നു. ഭക്ഷണ വസ്തുക്കളില്‍ നിറംനല്കാനും ഉപയോഗിക്കപ്പെടുന്ന കാരറ്റിന്റെ ഔഷധവീര്യം മികവുറ്റതാണ്. ചര്‍മസംരക്ഷണത്തിന് പാലില്‍ അരച്ചുചേര്‍ത്ത പച്ചക്കാരറ്റ് ഔഷധമായി നിര്‍ദേശിക്കപ്പെടുന്നു. കൂടാതെ ചൊറി, ചിരങ്ങ് എന്നിവ വന്ന ശരീരഭാഗത്ത് കാരറ്റ് പാലില്‍ അരച്ചുപുരട്ടുന്നത് ഫലപ്രദമാണ്. പൊള്ളലേറ്റ ഭാഗത്ത് കാരറ്റും പച്ചമഞ്ഞളും ചേര്‍ത്തരച്ചു പുരട്ടുന്നത് നന്ന്. അരഗ്ലാസ് കാരറ്റുനീര് രാവിലെയും വൈകിട്ടും കഴിക്കുന്നത് വായുക്ഷോഭത്തിന് പരിഹാരമാണ്. മലബന്ധമൊഴിവാക്കാന്‍ ദിവസവും ഒന്നോ രണ്ടോ പച്ചക്കാരറ്റ് തിന്നുന്നത് ഗുണം ചെയ്യും. പച്ചക്കാരറ്റ് ചവച്ചുതിന്നുന്നത് പല്ലുകള്‍ ശുചിയാക്കാന്‍ എളുപ്പമാര്‍ഗമാണ്.
രണ്ടോ മൂന്നോ ഇടത്തരം പച്ചക്കാരറ്റ് ദിവസവും കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഫലപ്രദമാണെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു. രണ്ടു ടേബിള്‍ സ്പൂണ്‍ കാരറ്റുനീര് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ രക്തക്കുറവ് മൂലമുണ്ടാകുന്ന വിളര്‍ച്ചയ്ക്കും പരിഹാരമാണ്. രക്തശുദ്ധിക്കും കാരറ്റ് ഉത്തമ ഔഷധമാണ്. വായ്പ്പുണ്ണ്, മോണരോഗം എന്നിവയ്ക്ക് കാരറ്റിന്റെ പച്ചയിലകള്‍ ദിവസവും രണ്ടോമൂന്നോ പ്രാവശ്യം ചവച്ചു വാ കഴുകുന്ന ചികിത്സയുണ്ട്. മൂത്രസംബന്ധമായ രോഗങ്ങള്‍ക്കും കാരറ്റുനീര് കഴിക്കുന്നത് ആശ്വാസമേകും. കുടല്‍ രോഗങ്ങള്‍ക്കും വയറിളക്കത്തിനും ചൂട് കാരറ്റ് സൂപ്പ് ഉത്തമ ഔഷധമാണ്.
കാരറ്റിലകള്‍ നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വാതരോഗം, സന്ധിവേദന എന്നിവ ദൂരീകരിക്കാന്‍ സഹായിക്കും.കരോട്ടിന്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ കേശസംരക്ഷണത്തിനും നേത്രാരോഗ്യത്തിനും കാരറ്റിന്റെ പ്രസക്തി ഏറെയാണ്. കാരറ്റ് ചെറിയ കഷണങ്ങളാക്കി വെളിച്ചെണ്ണയില്‍ മൂപ്പിച്ച് തലയില്‍ തേക്കുന്നത് മുടികൊഴിച്ചില്‍ തടയും. കരള്‍രോഗം, മഞ്ഞപ്പിത്തം തുടങ്ങിയവയ്ക്ക് കാരറ്റ് ഔഷധമത്രേ. ബുദ്ധിശക്തിക്കും ഓര്‍മശക്തിക്കും കാരറ്റ് അതിശ്രേഷ്ഠം.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം