ഒരു വിചാരം

വളരെ നന്നായി ആരോഗ്യം ശ്രദ്ധിക്കുന്നവരാണ് നമ്മൾ എല്ലാവരും. അതിനാൽതന്നെ ആരോഗ്യത്തെ സംബന്ധിച്ച് ചില ചോദ്യങ്ങൾ നിങ്ങളോട് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ഇന്ന് നമ്മൾ അനിശ്ചിതത്വത്തിന്റെ ലോകത്താണ്. പെട്ടെന്നൊരു ദിവസം ചിലരുടെ വൃക്ക പണിമുടക്കുന്നു. മറ്റു ചിലരുടെ ഹൃദയം പണിമുടക്കുന്നു. ചിലർക്ക് കാൻസർ ആണെന്ന് പറഞ്ഞ് ഭയങ്കരമായ ചികിത്സാരീതികളിലേക്ക് കൂപ്പുകുത്തി മരണപ്പെടുന്നു. ലിവർ സിറോസിസും മറ്റും വ്യാപകമാവുന്നു.

പണ്ട് ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇപ്പൊൾ ഇവയൊക്കെ ഇത്രയും കൂടുതലായി എങ്ങനെ ഉണ്ടാകുന്നു? നമ്മൾ ചിന്തിക്കേണ്ടതല്ലേ?  അന്വേഷണകുതുകികളും ശാസ്ത്ര വിചക്ഷണരും ആണെന്നിരിക്കെ മനുഷ്യൻ ഇത്രയും അനിശ്ചിതത്വത്തിലേക്ക് തള്ളിയിടപ്പെട്ടിട്ടും നമ്മൾ നിസ്സഹായരായതെന്തേ?

ഇതിനൊക്കെ ഒരു വ്യവസ്ഥ വേണ്ടതല്ലേ?

ഒരു പ്രധാന ചോദ്യം ഞാൻ മുന്നോട്ടു വെക്കട്ടെ. തന്റെ ഒരു ശരീരഭാഗവും തന്റെ കൺസന്റില്ലാതെ പണിമുടക്കില്ലെന്ന് പറയാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ?

അങ്ങനെ ഒരു ചങ്കൂറ്റം നേടാൻ ഇവിടെ വഴികളുണ്ടോ? ആധുനിക വൈദ്യശാസ്ത്രവും മനുഷ്യന്റെ ബോധ്യങ്ങളും ഇത്രയേറെ വികസിച്ചെന്നു പറയുമ്പോഴും ആ ചങ്കൂറ്റം നേടിയെടുക്കുന്ന കാര്യത്തിൽ പരാജയപ്പെട്ടതെന്തേ? ചൊവ്വാഗ്രഹത്തിൽ നാരങ്ങാ വെള്ളം ഉണ്ടോ എന്നു നോക്കാൻ പോയ ശാസ്ത്രം ആ കാര്യത്തിൽ എന്തേ നമ്മളെ സഹായിക്കാത്തത്? ചിന്തിച്ചിട്ടുണ്ടോ?

ഈ നിസ്സഹായത ഇന്ന് ഒരു വലിയ ബിസിനസ്സാണ്. നിങ്ങളുടെ ശരീരഭാഗങ്ങൾ പണിമുടക്കുമ്പോൾ അതിന്റെ പ്രതിവിധിക്ക് ലക്ഷങ്ങളാണ് വിലയിടുന്നത്. എത്ര പണം ചോദിച്ചാലും നമ്മൾ കൊടുക്കുകയും ചെയ്യും. ആ സമയത്ത് നമ്മൾ ജീവൻ നിലനിർത്താൻ വേണ്ടി ആവതു പരിശ്രമിക്കുന്നു.

പക്ഷെ ഇതെങ്ങനെ പണിമുടക്കി എന്ന് ഇന്നത്തെ തീയ്യതി വരെ ഒരാളും ചിന്തിച്ചിട്ടില്ല. ഭൂതകാലം ചികഞ്ഞു പോയിട്ടില്ല. അഥവാ ചിന്തിച്ചാലും ഉത്തരം മദ്യപാനത്തിലും പുകവലിയിലും അവസാനിക്കും. ഇത്തരം ശീലങ്ങളൊന്നുമില്ലാത്ത ആളാണെങ്കിലോ? വേറെ ഉത്തരങ്ങൾ ഇല്ല. എന്തേ ഇല്ലാത്തത്?

120 വർഷം ആയുസ്സുള്ള വൃക്കയാണ് അമ്പതും അറുപതും വയസ്സിൽ ഓടിത്തളർന്ന് മൂക്കുംകുത്തി വീഴുന്നത്. വൃക്ക അടിച്ചു പോകാതിരിക്കാൻ ഉള്ള വഴി ഒരു ഡോക്ടറും പറഞ്ഞു തരുന്നില്ല. അടിച്ചു പോയ ശേഷമാണ് അവരുടെ റോൾ തുടങ്ങുന്നത്.

എന്നാൽ നിങ്ങളുടെ ഒരു ശരീരഭാഗവും നിങ്ങളറിയാതെ പണി മുടക്കാതിരിക്കാൻ ഉള്ള വഴി ഞാൻ പറയാൻ തുനിഞ്ഞാൽ നിങ്ങൾ എന്നെ പുച്ഛിക്കും. കളിയാക്കി ചിരിക്കും. അതേ സമയം വൃക്ക അടിച്ചു പോയ ആൾക്കു വേണ്ടി ഉള്ള സഹായനിധിയിലേക്ക് സംഭാവന അഭ്യർത്ഥിച്ചുകൊണ്ടു് മറ്റു ചിലർ എന്റെ മുന്നിൽ കൈ നീട്ടുന്നു. എത്ര വിരോധാഭാസമാണ്? അവർ നടന്നു പിരിക്കുന്ന പണം ഏതു പോക്കറ്റിലേക്കാണ് ചെന്നു കേറുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ?

എന്തുകൊണ്ട് അത്തരം ചർച്ചകൾക്ക് വേദികൾ ഉണ്ടാവുന്നില്ല? പ്രകൃതിയുടെ സിദ്ധാന്തങ്ങളെ കേൾക്കാൻ കാതു കൂർപ്പിക്കുന്നവൻ എന്തുകൊണ്ടു് അപരിഷ്കൃതനാവുന്നു? സാമൂഹ്യ വിരുദ്ധനാവുന്നു?

എന്റെ തിരുവനന്തപുരത്തുകാരി സുഹൃത്ത് എന്നോട് ചോദിക്കാറുണ്ട്, "നിങ്ങളുടെ നാട്ടിൽ നല്ല ഒരു ആശുപത്രിയുണ്ടോ?" എന്ന്....

കൂടുതൽ ആശുപത്രികൾ ഉണ്ടാകുന്നത് വികസനത്തിന്റെ ലക്ഷണമാണോ? വളർന്നത് ആരോഗ്യം ആണോ? അതോ രോഗചികിത്സയോ? രോഗം കൂടുതലായപ്പൊഴാണ് ആശുപത്രി കൂടിയത്. അപ്പൊ രോഗം കൂടുന്നത്  വികസനമാണോ?

ആശുപത്രികളും കോടതികളും അടച്ചു പൂട്ടേണ്ടി വരുന്ന കാലം ഉണ്ടാവുകയാണെങ്കിൽ അതിനെ ഞാൻ വികസനം എന്നു വിളിക്കും. ഈ പറഞ്ഞത് അതിശയോക്തിയാണെന്നിരിക്കിലും ആ സ്ഥാപനങ്ങൾ കൂടുതൽ ഉണ്ടാകുന്നത് വികസനം അല്ലെന്ന് മനസ്സിലാക്കാനെങ്കിലും അതവിടെ കിടക്കട്ടെ.

ഇത്രയും മതി. ഇനി വരൂ, നമുക്ക് മുഖംമൂടികൾ ഇട്ടു കൊണ്ട് പരസ്പരം മാന്യരാവാം.

-Kalesh Kottilakam

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം