കാപ്പി കുടി 9 മണിക്ക് ശേഷം മാത്രം; കാപ്പി കുടിയെ കുറിച്ച് നിങ്ങളറിയാത്ത ചില കാര്യങ്ങള്‍
--------------------
കാപ്പി കുടിക്കുന്നതിനെകുറിച്ച് നിങ്ങള്‍ക്കെന്തറിയാം? ഇങ്ങനെ ആരെങ്കിലും ചോദിച്ചാല്‍ ഒരു തമാശചിരിയായിരിക്കും മിക്കവരുടേയും മറുപടി. കാപ്പികുടിയല്ലേ, നമുക്കെല്ലാം അറിയാം എന്നാണ് നമ്മുടെ ധാരണ. എന്നാല്‍ എന്തുതരം കാപ്പി കുടിക്കണമെന്നോ, എത്രയളവ് കുടിക്കണമെന്നോ, എങ്ങിനെ കുടിക്കണമെന്നോ എന്നൊന്നും നമുക്ക് കൃത്യമായി അറിയില്ല എന്നതാണ് സത്യം. എന്നാല്‍ കാപ്പി എപ്പോള്‍ കുടിക്കണം എന്നതാണ് ഇവിടെ പറയാന്‍ പോകുന്നത്. കാപ്പി എപ്പോള്‍ കുടിക്കുന്നതാണ് നല്ലത് എന്നതു സംബന്ധിച്ച് അസാപ്പ് സയന്‍സ് ഒരു വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. അതിലെ ചില കാര്യങ്ങള്‍ പരിശോധിക്കാം.
മികച്ച ഫലം ലഭിക്കണമെന്നുണ്ടെങ്കില്‍ കാപ്പി രാവിലെ 9 മണിക്ക് ശേഷം കുടിക്കണം എന്നാണ് അസാപ്പിന്റെ പഠനം പറയുന്നത്. ഇതിനായി ചില കാരണങ്ങളും അവര്‍ നിരത്തുന്നു. കാപ്പിയുടെ പ്രവര്‍ത്തനത്തെയും അതിന്റെ ഫലങ്ങളെയും നിയന്ത്രിക്കുന്നതില്‍ നമ്മുടെ ജൈവ ഘടികാരം അഥവാ ആന്തരിക ഘടികാരത്തിന്റെ പങ്ക് വളരെ വലുതാണ്. ഇതാണ് രാത്രിയും രാവിലെയും കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ പുറപ്പെടുവിച്ച് നമ്മള്‍ എപ്പോള്‍ എഴുന്നേല്‍ക്കണം എപ്പോള്‍ ഉറങ്ങണം എന്ന് തീരുമാനിക്കുന്നത്. രാവിലെ 8 മണിക്കും ഒമ്പത് മണിക്കും ഇടയ്ക്കും, ഉച്ചയ്ക്ക് ഒരുമണി, വൈകുന്നേരം 5.30, 6.30 എന്നീ സമയങ്ങളിലുമാണ് ഈ ഹോര്‍മോണ്‍ പ്രവര്‍ത്തിക്കുന്നത്.
കോര്‍ട്ടിസോള്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന സമയങ്ങളില്‍ ശരീരം നേരത്തെ ഉണര്‍ന്നു കഴിഞ്ഞതിനാല്‍ കാപ്പി കുടിക്കുന്നത് കാപ്പിയുടെ ഫലം കുറയ്ക്കും. ഇതു മൂലം കാപ്പി കുടിച്ചു എന്ന തോന്നലുണ്ടാവാന്‍ വീണ്ടും വീണ്ടും കുടിക്കുകയും ഇത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുകയും ചെയ്യും. അതിനാല്‍ തന്നെ രാവിലെ ഒമ്പത് മണിക്ക് ശേഷവും ഉച്ചക്ക് ഒരു മണിക്കും വൈകിട്ട് 5.30നും ഇടയ്ക്കുള്ള ഏതെങ്കിലുമൊരു സമയം കാപ്പികുടിക്കായി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. വൈകീട്ട് 6.30 ശേഷമുള്ള കാപ്പികുടി ഉറക്കം കുറക്കുമെന്നതിനാല്‍ കഴിവതും ഒഴിവാക്കാം.
രാവിലെ ഏഴു മണിക്ക് എഴുന്നേറ്റ് 8 മണിക്ക് ജോലിക്കു പോവുന്നവര്‍ക്ക് കാപ്പി കുടിക്കുവാന്‍ ഏറ്റവും അനുയോജ്യമായ സമയം രാവിലെ 9 മണി ആണ്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കോര്‍ട്ടിസോളിന്റെ അളവ് 50 ശതമാനം ഉയരും. സാധാരണ ഇത് ഏറ്റവും ഉയര്‍ച്ചയിലെത്തുന്നത് എട്ട് മണിക്കും 9 മണിക്കും ഇടയ്ക്കാണ്. അതിനാല്‍ തന്നെ ഇതു കഴിഞ്ഞ് ശരീരം ഉറക്കം ഭാവിക്കുന്ന ഘട്ടത്തില്‍ കാപ്പി കുടിക്കുന്നത് ഒരു ദിവസത്തേക്ക് മുഴുവനുള്ള ഉന്മേഷം പ്രദാനം ചെയ്യുന്നു.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം