ചെറുനാരങ്ങക്ക് ആരോഗ്യത്തിലും സൗന്ദര്യത്തിലും മാത്രമല്ലാ, വൃത്തിയിലും മുഖ്യസ്ഥാനമുണ്ട്. വീട്ടില്‍ നിത്യം ഉപയോഗിക്കുന്ന ധാരാളം സാധനങ്ങള്‍ വൃത്തിയാക്കാനും ചെറുനാരങ്ങ ഉപയോഗിക്കാം.

വീട്ടില്‍ ചെമ്പു കൊണ്ടുള്ള പാത്രങ്ങള്‍ സാധാരണ ഉണ്ടാകും. ഇപ്പോള്‍ പാചകത്തിന് കോപ്പര്‍ ബോട്ടം പാത്രങ്ങളും ധാരാളം ഉപയോഗിക്കുന്നുണ്ട്. ഇവ തീയില്‍ വച്ചാലോ ഭക്ഷണമുണ്ടാക്കിയാലോ എളുപ്പത്തില്‍ കറ പിടിക്കാന്‍ സാധ്യതയുണ്ട്. ഈ കറ പൂര്‍ണമായും മാറ്റിയെങ്കില്‍ മാത്രമെ പിന്നീട് പാചകത്തിന് ഉപയോഗിക്കുമ്പോള്‍ ചൂട് എല്ലാ വശത്തേക്കും വരികയുള്ളൂ. ഇത്തരം പാത്രങ്ങള്‍ വൃത്തിയാക്കാന്‍ ഒരു കഷ്ണം നാരങ്ങ ഉപ്പും ചേര്‍ത്ത് ഉരച്ചാല്‍ മതിയാകും.

പിച്ചള വൃത്തിയാക്കാനും ചെറുനാരങ്ങ ഉപയോഗിക്കാം. എന്നാല്‍ പിച്ചള പൂശിയ പാത്രങ്ങള്‍ നാരങ്ങ കൊണ്ട് വൃത്തിയാക്കിയാല്‍ കേടുവരും. മുഴുവന്‍ പിച്ചള കൊണ്ട് നിര്‍മിച്ചവ മാത്രമെ നാരങ്ങ കൊണ്ട് വൃത്തിയാക്കാവൂ. പിച്ചള കൊണ്ടുള്ള പ്രതിമകള്‍, പൂജാപാത്രങ്ങള്‍, കൗതുകവസ്തുക്കള്‍ എന്നിവ ചെറുനാരങ്ങ കൊണ്ട് വൃത്തിയാക്കാം.

എപ്പോഴും വൃത്തിയായിരിക്കേണ്ടതും എന്നാല്‍ പെട്ടെന്ന് വൃത്തികേടാകുന്നതുമായ ഒന്നാണ് അടുക്കള സിങ്ക്. എന്നാല്‍ വെറും ചെറുനാരങ്ങ ഉപയോഗിക്കുന്നതിനേക്കാള്‍ ചെറുനാരങ്ങ കൊണ്ടുണ്ടാക്കിയ ലായനികള്‍ സിങ്ക് വൃത്തിക്കുവാന്‍ കൂടുതല്‍ സഹായിക്കും.

പ്ലാസ്റ്റിക്കിലെ എണ്ണക്കറയും അഴുക്കും നീക്കാന്‍ നാരങ്ങ നല്ലതാണ്. ഇവ നാരങ്ങാനീരൊഴിച്ച വെള്ളത്തില്‍ കുറേനേരം മുക്കിവച്ച് വൃത്തിയാക്കാം.

ഗ്ലാസ് വാതിലുകളിലേയും ജനലുകളിലേയും പാടുകളും അഴുക്കും നീക്കാന്‍ ചെറുനാരങ്ങ നല്ലതാണ്. ഫ്രഞ്ച് വിന്‍ഡോസ്, കണ്ണാടി, കാര്‍ ഗ്ലാസുകള്‍ എന്നിവ ചെറുനാരങ്ങ കൊണ്ട് വൃത്തിയാക്കാം.

വസ്ത്രങ്ങളിലെ തുരുമ്പുകറ കറയാനും ചെറുനാരങ്ങ സഹായിക്കും. തുരുമ്പുകറയായ ഭാഗത്ത് നാരങ്ങയും ബേക്കിംഗ് സോഡയും പുരട്ടി അല്‍പസമയത്തിന് ശേഷം കഴുകിക്കളഞ്ഞാല്‍ കറ മാറിക്കിട്ടും.

ചെറുനാരങ്ങാനീരിന് ബ്ലീച്ചിംഗ് ഗുണമുണ്ട്. വെള്ള വസ്ത്രങ്ങള്‍ അല്‍പകാലത്തെ ഉപയോഗത്തിന് ശേഷം മഞ്ഞക്കുന്നത് സാധാരണമാണ്. ഈ മഞ്ഞനിറം പോകാന്‍ നാരങ്ങാനീര് ഒഴിച്ച വെള്ളത്തില്‍ തുണികള്‍ മുക്കിവച്ചാല്‍ മതിയാകും. വെള്ളഷൂസും ഇതേ രീതിയില്‍ വൃത്തിയാക്കാം.                                                                                 

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം