അറിയാത്ത ഇന്ത്യ...

"നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ് “ - ബെന്യാമിന്‍

ഒരു വെള്ളിമെഡലിന്റെ  ആഹ്ലാദം 130 കോടി മനസ്സുകളിലേക്ക് എങ്ങിനെ പകുത്തുതീര്‍ക്കും എന്ന അമ്പരപ്പിലാണ് നാം. കോടാനു കോടി രൂപ ചിലവാക്കിയ മുങ്ങിക്കപ്പലിന്റെ രഹസ്യങ്ങള്‍ മുക്കിയതിനു, ഒറ്റിക്കിട്ടിയ നക്കാപ്പിച്ച, അത് എങ്ങിനെ പകുത്തുതീര്‍ക്കും എന്ന ബേജാറിലാണ്. അതിന്‍റെ രഹസ്യകലവറ ജനമറിയാതെ എങ്ങിനെ ഒതുക്കിത്തീര്‍ക്കും എന്ന വെപ്രാളത്തിലാണ് നമ്മുടെ മഹത്തായ ഭരണകൂടം...!

സമ്പന്നതയില്‍ ലോകത്തിലെ ഏഴാമത്തെ രാജ്യമാണത്രേ ഇന്ത്യ. ആ രാജ്യത്തെ ഗോപാല്‍ യാദവുമാരുടെ മക്കള്‍, ബസുമതിമാര്‍, പട്ടിണി കിടന്നു മരിക്കുന്നു എന്ന് സാഹിത്യരചനകള്‍ ഉണ്ടാകുമ്പോള്‍ നാം അസഹിഷ്ണുക്കളാകുന്നു. എഴുത്തുകാരനെ സംഘി ഫാഷിസ്റ്റാക്കുന്നു. കാരണം  നമുക്ക് അങ്ങിനെയേ സാധിക്കൂ; ലോകത്ത് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരായ, പാര്‍ലമെന്‍റ് - നിയമസഭാ അംഗങ്ങള്‍ ഉള്ള രാജ്യമാണ് നമ്മുടേത്. സ്വിസ്സ് ബാങ്കില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള ജനപ്രതിനിധികള്‍ നമ്മുടേതാണ്. അത് എന്റെയും, നിങ്ങളുടെയും നികുതിപ്പണമാണ്.

ആശുപത്രിയില്‍ നിന്ന് അറുപത് കിലോമീറ്റര്‍  ദൂരെയുള്ള വീട്ടിലേക്കു, ഭാര്യയുടെ ജഡവുമായി  പന്ത്രണ്ടു കിലോമീറ്റര്‍ നടന്നു തളരുമ്പോള്‍ മാത്രം അല്‍പ്പം ചെറുപ്പക്കാര്‍ കാണുന്ന വിഹ്വല മനുഷ്യരുടെത് കൂടിയാണ്, ലോകത്ത് ഇപ്പോള്‍ ഏഴാം സ്ഥാനത്തുള്ള, ഒന്നര പതിറ്റാണ്ട് കൂടി കഴിഞ്ഞാല്‍ ലോകത്ത് ഒന്നാം സ്ഥാനത്തു എത്തുമെന്ന് മേനി പറയുന്ന രാജ്യത്തിന്‍റെ തീമഴപോലെ പൊള്ളുന്ന യാഥാര്‍ഥ്യം. എന്ന്വച്ചാല്‍ ജഡവുമായി  നടന്നു എന്നത് മാത്രമല്ല, ഒരാശുപത്രിയുള്ളത് അറുപത കിലോമീറ്റര്‍ ദൂരെയാണ് എന്നത് കൂടിയാണ് കണ്ണുനീരിനെ  കട്ടിയുള്ളതാക്കുന്നത്.

ഇന്ത്യ വ്യവസായ സൌഹൃദ രാജ്യമാണ് എന്ന് ലോകത്തോട്‌ വിളിച്ചു പറയാന്‍ വോഡാഫോണ്‍  തരാനുള്ള നികുതി എഴുതിത്തള്ളിയത്, ഇരുപതിനായിരം കോടി രൂപയാണ്. അപ്പോഴും ഇന്ത്യ ആശുപത്രികളും , ആംബുലന്‍സും ഉള്ള രാജ്യമല്ലെന്നു നാം മാത്രം തിരിച്ചറിയുന്നു; നമുക്കിടയിലെ ദരിദ്ര നാരായണന്മാര്‍..! വമ്പന്‍ സ്രാവുകള്‍ക്ക് ഈ രാജ്യത്തെ നിയമം വെറും കോമഡി മാത്രമാണ് എന്ന് തെളിയിച്ചുകൊണ്ട് ഒന്‍പതിനായിരം കോടി രൂപ മുക്കി വിജയ്‌ മല്ല്യമാര്‍ കടന്നു കളയുന്നു; അതും ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ടും കൊണ്ട്. ഒന്‍പതിനായിരം കോടി രൂപയ്ക്ക് ഒറീസ്സയിലെ ഓരോ വാര്‍ഡിലും ആംബുലന്‍സ് വാങ്ങാന്‍ സാധിക്കും സാര്‍...!! അല്ലെങ്കില്‍ ഇന്ത്യയിലെ മുഴുവന്‍ പഞ്ചായത്തുകളിലും..!!

കമ്പിളിയിൽ പൊതിഞ്ഞ ഭാര്യയുടെ മൃതദേഹവും ചുമന്ന്‌ റോഡരികിലൂടെ ഭർത്താവ്‌ ഡാനാ മഹ്ജി നടന്നത് പന്ത്രണ്ടു കിലോമീറ്റര്‍... ഭാര്യ മരിച്ചത് ക്ഷയരോഗം ബാധിച്ച്.... എന്നുവച്ചാല്‍ ആശുപത്രി മാത്രമല്ല ഇല്ലാത്തത്; പോഷകാഹാരവും ഇല്ല എന്നര്‍ത്ഥം...!!

ശമ്പളവും, അലവന്‍സും കൂട്ടാന്‍ പാര്‍ലമെന്റില്‍ ബഹളം ഉണ്ടാക്കുന്ന ഭരണാധികാരികളെ, പാര്‍ലമെന്റ്  കാന്റീനില്‍ സൌജന്യം എന്നപോലെ ലഭിച്ചിരുന്ന ബിരിയാണിയുടെ വില വര്‍ദ്ധിപ്പിച്ചതില്‍ മനംനൊന്ത്  മുദ്രാവാക്യം മുഴക്കുന്ന പ്രിയപ്പെട്ടവരേ...

നമ്മുടെ ഇതേ രാജ്യത്ത് തന്നെയാണ് ആരോടും പരിഭവിക്കാതെ, തളര്‍ന്നു വീഴാതെ, പന്ത്രണ്ടു വയസ്സായ മകളുടെ വിരലും പിടിച്ചു , ഭാര്യയുടെ ജഡവുംചുമലിലേറ്റി  ഒരു ദരിദ്ര മനുഷ്യന്‍, കണ്ണുകള്‍ പോലും നിറയ്ക്കാതെ അറുപത്  കിലോമീറ്റര്‍ നടക്കാന്‍ ആരംഭിച്ചത്.

*******************

സത്യത്തില്‍ ഇന്ത്യ ഒരൊറ്റ ഇന്ത്യയല്ല. ഇരുളും വെളിച്ചവും കലര്‍ന്ന ഒരായിരം ഇന്ത്യയാണ്.

1) ലോകത്തെ ഏറ്റവും കൂടുതല്‍ വാങ്ങല്‍ ശേഷിയുള്ള (Purchasing Capacity) മധ്യവര്‍ഗ്ഗ ഉപഭോക്താക്കളുടെ ഇന്ത്യ. iPhone ഉം, samsung ഉം, SONY ഉം തുടങ്ങി ലോകത്തെ എല്ലാ കുത്തകകളും ആര്‍ത്തിയോടെ ഉറ്റുനോക്കുന്ന വിപണിയുള്ള ഇന്ത്യ. ആയുധക്കച്ചവടക്കാര്‍ മുതല്‍ പട്ടാളക്കാര്‍ക്ക് ശവപ്പെട്ടി വില്ക്കുന്നവന്‍ വരെ ദല്ലാള്‍മാരെ വച്ച് കോടാനുകോടികളുടെ നികുതിപ്പണം ഊറ്റുന്ന ഇന്ത്യ. എന്നിട്ടും അയല്‍ക്കാരനെ നരകം എന്ന് വിളിക്കുന്ന, അങ്ങനെയല്ല എന്ന് പറയുന്ന കലാകാരിക്കെതിരെ രാജ്യദ്രോഹത്തിനു കേസെടുക്കുന്ന ഇന്ത്യ.

2) കര്‍ഷക ആത്മഹത്യകള്‍ നടക്കുന്ന സംസ്ഥാനത്തെ ജനതയുടെ വോട്ട് വാങ്ങി ജയിച്ചു, ഡല്‍ഹിയില്‍ പോയി ഒരു ദിവസത്തേക്ക് അന്‍പതിനായിരം രൂപ വാടക വരുന്ന ഹോട്ടലില്‍ താമസിക്കുന്ന എം.പി മാരുടെ ഇന്ത്യ. പശുവിനെ കടത്തുന്നവനെയും, പോത്ത് കഴിക്കുന്നവനെയും, അന്യജാതി പെണ്‍കുട്ടിയെ പ്രണയിക്കുന്നവനെയും.... കൊല്ലുകയും, ചത്ത പശുവിനെ സംസ്ക്കരിക്കാത്തതിനു ദളിതനെ കൊല്ലുകയും  ചെയ്യുന്ന ഇന്ത്യ..!

3) ലോക കായിക മാമാങ്കത്തിനയക്കുന്ന രാജ്യത്തിന്റെ അഭിമാന താരങ്ങള്‍ക്ക് പച്ചവെള്ളം നല്‍കാന്‍ സാധിക്കാത്ത, അവരുടെ ജഴ്സിയില്‍ രാജ്യത്തിന്റെ പേര് പോലും എഴുതാന്‍ കഴിയാത്ത ഇന്ത്യ. ക്രിക്കറ്റില്‍ ജയിക്കുന്നവരെ നിമിഷങ്ങള്‍കൊണ്ട് കോടീശ്വരന്‍മാരാക്കുന്ന , രാജകീയ സ്വീകരണം നല്‍കുന്ന ഇന്ത്യയില്‍ , കബഡി ലോകകപ്പ്  ജയിക്കുന്ന പെണ്‍കുട്ടികള്‍ വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്കു

പോകുവാന്‍ ഓട്ടോറിക്ഷ  കാത്തുനില്‍ക്കുന്ന ഇന്ത്യ...!

4) സോഷ്യല്‍ മീഡിയയാകെ ത്രിവര്‍ണ്ണ പതാകകളും, ഡല്‍ഹിയില്‍ അണിനിരന്ന, ഹിംസയുടെ പ്രതീകങ്ങളായ ആയുധ പ്രദര്‍ശന പോരിശകളും കഴിഞ്ഞ പതിനാലിന് തുടങ്ങിയത് ഇപ്പോഴും അവസാനിചിട്ടില്ലല്ലോ..! താഴ്ന്ന ജാതിക്കാരന്‍ പട്ടാളക്കാരനെ ശവമടക്കാന്‍ ഭൂമി നല്‍കാത്ത സവര്‍ണ്ണ മാടമ്പികളുടെ ഇന്ത്യ നിലനില്‍ക്കുമ്പോള്‍ ഈ വേഷംകെട്ടുകള്‍ വെറും പ്രദര്‍ശനങ്ങള്‍ മാത്രമാണ്...!

5) ഇരുപതു രൂപയില്‍ താഴെ ദിവസവരുമാനമുള്ള ശതകോടികളുടെ ഇന്ത്യയെക്കുറിച്ച്, പട്ടിണിയും , കാര്‍ഷിക വിലയിടിവും കാരണം നൂറു കണക്കിന് ആത്മഹത്യകള്‍ നടക്കുന്ന മറ്റൊരു രാജ്യമായ  ഇന്ത്യയെക്കുറിച്ച് നാമെന്താണ് സംസാരിക്കാത്തത്..?! ഫോട്ടോഷോപ്പുകള്‍  കൊണ്ട് സ്വയം കള്ളം പറഞ്ഞു നാം എത്രകാലം മുന്നോട്ട് പോകും..?!

 സമൃദ്ധമായ, ഐശ്വര്യപൂര്‍ണ്ണമായ ഇന്ത്യയോ..?  നിങ്ങള്‍ ആരുടെ രാജ്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്..?!  അതെന്തായാലും എന്‍റെ രാജ്യമല്ല...!!

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം