.ജനുവരി
റോമൻ പുരാണങ്ങളനുസരിച്ച് തുടക്കങ്ങളുയെയും പരിവർത്തനങ്ങളുയെയും ദൈവമായി ആരാധിക്കുന്ന ദേവനാണ് ജാനസ്. ജാനസ് ദേവന്റെ പേരിൽ നിന്നുമാണ് ജനുവരിയുടെ ഉത്ഭവം. എതിർദിശകളിലേയ്ക്കു തിരിഞ്ഞിരിക്കുന്ന ഇരട്ടമുഖങ്ങളുള്ള ദേവനാണ് ജാനസ്. ഈ മുഖങ്ങൾ രണ്ടും പോയ വർഷത്തിന്റെയും പ്രതീകങ്ങളായാണ് കണക്കാക്കുന്നത്.
ഫെബ്രുവരി
ശുദ്ധീകരണം എന്നർത്ഥമുള്ള ഫെബ്രും എന്ന് ലാറ്റിൻ പദത്തിൽ നിന്നുമാണ് ഫെബ്രുവരി എന്ന പേരുണ്ടായത്. ശുദ്ധിയുടെ ദേവാനായി ഫെബ്രൂസ് ദേവനെയും റോമിലെ ജനങ്ങൾ ആരാധിച്ചിരുന്നു. ചാന്ദ്രചക്രം അനുസരിച്ചുള്ള കാലഗണനാരീതി പിന്തുടർന്നിരുന്ന റോമൻ ജനങ്ങൾ ഈ മാസത്തിലെ 15ാം തീയ്യതിയിൽ ശുദ്ധീകരണത്തിന്റെ ആചാരമായ ഫെബ്രുവ അനുഷ്ഠിച്ചിരുന്നു.
മാര്‍ച്ച്
കൃഷിയുടെ സംരക്ഷകനും യുദ്ധത്തിന്റെ ദേവനുമായി റോമൻ ജനത ആരാധിച്ചിരുന്നത് മാർസിനെയാണ്. മാർസ് ദേവന്റെ മാസമെന്ന് അർത്ഥം വരുന്ന മാർഷ്യസ് എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് മാർച്ചിന്റെ ജനനം. യുദ്ധങ്ങളും കാർഷികവൃത്തിയും ആരംഭിക്കാൻ ഏറ്റവും അനുയോജ്യമായ മാസമായി മാർച്ച് മാസത്തെ ജനങ്ങൾ കണക്കാക്കിയിരുന്നു. സഹസ്രാബ്ദങ്ങള്‍ക്കു മുൻപ് ജനങ്ങള്‍ പുതുവർഷത്തിന്റെ തുടക്കമായി കരുതിയിരുന്നതും മാർച്ച് മാസമാണ്.
ഏപ്രില്‍
സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ഗ്രീക്ക് ദേവതയാണ് അഫ്രോഡൈറ്റ്. റോമൻ ജനത അഫ്രോഡൈറ്റിനെ വീനസ് ദേവതയായാണ് ആരാധിച്ചിരുന്നത്. അഫ്രോഡൈറ്റിനെ പേരിൽ നിന്നുമാണ് ഏപ്രിൽ മാസം ഉത്ഭവിച്ചത് എന്നാണ് ഐതിഹ്യം. വീനസ് ദേവതയുടെ മാസം എന്നർത്ഥം വരുന്ന അഫ്രിലസ് എന്ന പദവും ഏപ്രിലിന്റെ ഉത്ഭവത്തിനുള്ള കാരണമായി കണക്കാക്കപ്പെടുന്നു. രണ്ടാമത്തേത് എന്ന അർത്ഥമുള്ള ലാറ്റിൻ പദമാണ് ഏപ്രിൽ മാസത്തിനു ആ പേരു ലഭിക്കാനുള്ള കാരണമെന്നും വിശ്വാസമുണ്ട്.
മേയ്
വസന്തത്തിന്റെ അധിപയായി ഗ്രീക്ക് ജനത ആരാധിച്ചിരുന്ന ദേവതയാണ് മായിയ. മായിയ ദേവതയുടെ പേരിൽ നിന്നുമാണ് മേയ് മാസം പിറന്നതെന്നാണ് ഒരു വിശ്വാസം. റോമൻ ജനങ്ങള്‍ സമൃദ്ധിയുടെ ദേവതയായി ആരാധിച്ചിരുന്ന ബോണ ഡിയ എന്ന ദേവതയുടെ മാസമായും മേയ് കണക്കാക്കപ്പെടുന്നു. എന്നാൽ മുതിർന്നവർ എന്ന് അർത്ഥമുള്ള മയോറിസ് എന്ന ലാറ്റിൻ പദമാണ് മേയ് എന്ന പേരുവരാനുള്ള കാരണമെന്നും വിശ്വസിക്കപ്പെടുന്നുണ്ട്.
ജൂണ്‍
വിവാഹങ്ങളുടെയും സ്ത്രീകളുടെ ക്ഷേമത്തിന്റെയും ദേവതയായാണ് ജൂണോയെ റോമൻ ജനത ആരാധിക്കുന്നത്. ജൂപ്പിറ്റർ ദേവന്റെ പത്നിയായ ജൂണോയുടെ പേരിൽ നിന്നുമാണ് ജൂണിന്റെ പിറവി. ലാറ്റിൻ ഭാഷയിൽ ജൂണിയസ് എന്നാണ് ജൂൺ അറിയപ്പെടുന്നത്. ലാറ്റിൻ ഭാഷയിൽ ജൂണിയോറസ് എന്ന വാക്കിന്റെ അർത്ഥം ചെറുപ്പക്കാർ എന്നാണ്. മുതിർന്നവരുടെ മാസമായി കണക്കാക്കുന്ന മേയ്ക്കു ശേഷം വരുന്ന ജൂണിന് ആപേരു കിട്ടിയത് ജൂണിയോറസ് എന്ന വാക്കിൽ നിന്നുമാണെന്ന് കരുതപ്പെടുന്നു.
ജൂലൈ
റോമൻ ഭരണാധികാരിയായിരുന്ന ജൂലിയസ് സീസറാണ് ഈ മാസത്തിന് ജൂലൈ എന്ന പേര് നൽകിയത്. റോമൻ കലണ്ടറിലെ അഞ്ചാമത്തേതും തന്റെ ജന്മമാസവുമായ ക്വിന്‍റിലസിന് ജൂലിയൻ കലണ്ടറിൽ അദ്ദേഹം സ്വന്തം പേരു നൽകുകയായിരുന്നു. ക്വിന്‍റിലസ് എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം അഞ്ചാമത്തേത് എന്നാണ്.
ഓഗസ്റ്റ്
റോമന്‍ കലണ്ടറിർ അനുസരിച്ച് ആറാമത്തെ മാസം സെക്സ്റ്റിലിസ് ആയിരുന്നു. ആറാമത്തെ മാസം എന്നർത്ഥം വരുന്ന സെക്സ്റ്റിലിസിനെ പുനർനാമകരണം ചെയ്തത് ബിസി എട്ടിലാണ്. ആഗസ്റ്റസ് സീസറിന്‍റെ ബഹുമാനാര്‍ഥം ഈ മാസത്തിന് ഓഗസ്റ്റ് എന്ന പേരു നൽകുകയായിരുന്നു. ഈജിപ്റ്റ് കീഴടക്കിയതടക്കം ഒട്ടേറെ വിജയങ്ങളുടെ മാസമായതിനാലാണ് തന്റെ പേരു നൽകാന്‍ സെക്സ്റ്റിലിസിനെ തന്നെ ആഗസ്റ്റസ് സീസർ തിരഞ്ഞെടുത്തത്.
സെപ്റ്റംബര്‍
ലാറ്റിന്‍ ഭാഷയില്‍ സെപ്റ്റം എന്ന വാക്കിന്റെ അർത്ഥം ഏഴ് എന്നാണ്. ജനുവരിയും ഫെബ്രുവരിയും കലണ്ടറുകളിൽ ഉൾപ്പെടുത്തുന്നതിനു മുൻപുവരെ വർഷത്തിലെ ഏഴാം മാസമായിരുന്നു സെപ്റ്റംബർ. എന്നാൽ ഗ്രിഗോറിയൻ കലണ്ടർ നിലവിൽ വന്ന ശേഷവും മാസത്തിന്റെ പേര് അങ്ങമെതന്നെ നിലനിന്നു.
ഒക്ടോബര്‍
ലാറ്റിനില്‍ ഒക്ടോ എന്നാല്‍ എട്ടാമത് എന്നാണ്. ഗ്രിഗോറിയൻ കലണ്ടറിൽ പത്താം മാസമായി കണക്കാക്കപ്പെട്ടപ്പോഴും ഒക്ടോബർ മാസത്തിന് അതേ പേരു തന്നെയാണ് നൽകിയത്.
നവംബര്‍
പുരാതന റോമൻ കലണ്ടർ അനുസരിച്ച് നവംബർ ഒൻപതാം മാസമായിരുന്നു. ലാറ്റിൻ ഭാഷയിലെ ഒന്‍പത് എന്നർത്ഥം വരുന്ന നോവം എന്ന പദത്തിൽ നിന്നുമാണ് നവംബറിന്റെ ജനനം. ഗ്രിഗോറിയൻ കലണ്ടറിൽ നവംബർ പതിനൊന്നാം മാസമായി കണക്കാക്കപ്പെട്ടു.
ഡിസംബര്‍
ഡിസംബർ മാസത്തിന്റെ പേരിന്റെ കഥയും വ്യത്യസ്തമല്ല. ലാറ്റിനിൽ പത്ത് എന്നർത്ഥം വരുന്ന ഡിസം എന്ന പദത്തിൽ നിന്നുമാണ് ഡിസംബർ ഉത്ഭവിച്ചത്. വർഷത്തിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമായി ഗ്രിഗോറിയൻ കലണ്ടറിൽ ഉള്‍പ്പെടുത്തിയെങ്കിലും ഡിസംബറിന്റെ പേരിൽ മാറ്റം വരുത്തിയില്ല.
കടപ്പാട് :
 Psc വിജ്ഞാന ലോകം > 

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം