കേള്‍വിക്കുറവ്‌
---------------
കേള്‍വിക്കുറവിനെ ചികിത്സിക്കാം.കുഞ്ഞുങ്ങളിലെ കേള്‍വിക്കുറവ്‌ ചികിത്സയിലൂടെ മാറ്റാവുന്നതാണ്‌.പക്ഷേ മാതാപിതാക്കളുടെ അജ്‌ഞത പലപ്പോഴും കുഞ്ഞുങ്ങളെ ബധിരനും മൂകനുമാക്കുന്നു.
28വയസ്സുള്ള ഒരമ്മ ഒന്നര വയസ്സുള്ള മകനൊപ്പം വാക്‌സിനേഷനെടുക്കാന്‍ ശിശുരോഗവിഗ്‌ദന്റെയടുത്തെത്തി. കുഞ്ഞിന്‌ പ്രത്യേകിച്ച്‌ പ്രശ്‌നങ്ങളൊന്നും ഇല്ല. എന്നാല്‍ പരിശോധനകള്‍ക്കു ശേഷം കുഞ്ഞ്‌ എന്താണ്‌ ശബ്‌ദിക്കാന്‍ തുടങ്ങാത്തതെന്ന്‌ സംശയം പ്രകടിപ്പിച്ചത്‌ അമ്മയാണ്‌. ഒന്നര വയസ്സുള്ള കുഞ്ഞ്‌ അമ്മയെന്ന്‌ പോലും വിളിക്കാത്തതില്‍ സംശയം തോന്നിയ ഡോക്‌ടര്‍ ഇ.എന്‍.ടി സ്‌പെഷ്യലിസ്‌റ്റിനെ കാണിക്കാന്‍ ആവശ്യപ്പെട്ടു.
ഹിയറിംഗ്‌ ടെസ്‌റ്റുകള്‍ നടത്തിയപ്പോഴൊന്നും ആ അമ്മ പേടിച്ചില്ല. പക്ഷേ റിസള്‍ട്ട്‌ അമ്മയ്‌ക്ക് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല. കുഞ്ഞിന്‌ കേള്‍വിക്കുറവുണ്ട്‌. അമ്മയെ ആശ്വസിപ്പിച്ചാല്‍ പ്രശ്‌നം തീരില്ലല്ലോ. അങ്ങനെ ഞങ്ങള്‍ കുഞ്ഞിന്‌ കോക്ലിയര്‍ ഇംപ്ലാന്റിനു ശേഷം ഓഡിറ്റി റിഹാബിലിറ്റേഷന്‍ പ്രോഗ്രാമും നടത്തി. മൂന്നു മാസത്തിനു ശേഷം ആ അമ്മ കുഞ്ഞിനെയും കൊണ്ട്‌ വന്നത്‌ വളരെ സന്തോഷത്തോടെയാണ്‌. അമ്മയെന്ന്‌ അവന്‍ വിളിച്ചത്‌ ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങുന്നു.
കൃത്യ സമയത്ത്‌ ശരിയായ ചികിത്സ നല്‍കിയതു കൊണ്ടാണ്‌ ആ കുഞ്ഞിന്‌ അംഗവൈകല്യം ഉണ്ടാകാതിരുന്നത്‌. പലപ്പോഴും ചെയ്യാത്തതും അതാണ്‌. മുന്നു വയസ്സ്‌ എത്തുന്നതിനു മുന്‍പ്‌ നിര്‍ബന്ധമായും കുഞ്ഞുങ്ങളുടെ കേള്‍വിശക്‌തി പരിശോധിപ്പിക്കണം.
ചികിത്സ അവഗണിക്കരുത്‌
പഞ്ചേന്ദ്രിയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ ചെവി. കേള്‍വിശക്‌തിയില്ലാത്തത്‌ സത്യത്തില്‍ ഒരു വലിയ കുറവു തന്നെയാണ്‌. കേള്‍വിശക്‌തിയില്ലാത്ത കുട്ടികള്‍ സംസാരിക്കാറില്ല. നൂതന സാങ്കേതികവിദ്യയുടെ സഹായത്താല്‍ കേള്‍വിശക്‌തിയില്ലായ്‌മ ചികിത്സിച്ചു ഭേദമാക്കാം. പക്ഷേ കൃത്യമായി കണ്ടെത്തി ശരിയായ സമയത്ത്‌ ചികിത്സ നല്‍കിയില്ലെങ്കില്‍ ഒരു കുട്ടി ബധിരനും മൂകനുമാകും.
ഏകദേശം പതിനായിരത്തിലധികം കുട്ടികള്‍ കോക്ലിയര്‍ ഇംപ്ലാന്റ്‌ സര്‍ജറി വഴി ഈ അംഗവൈകല്യത്തില്‍ നിന്ന്‌ മറികടന്നിട്ടുണ്ട്‌. എങ്കിലും ഒരു മില്ല്യണ്‍ കുട്ടികള്‍ ഇപ്പോഴും കേള്‍വി നഷ്‌ടപ്പെട്ട അവസ്‌ഥയിലുണ്ട്‌.
കുഞ്ഞുങ്ങളുടെ കേള്‍വിക്കുറവിനെ മാതാപിതാക്കള്‍ കൃത്യമായി മനസ്സിലാക്കാത്തത്‌ ഒരു വലിയ പ്രശ്‌നമാണ്‌. ചികിത്സാരീതി പുരോഗമിച്ച ഈ കാലഘട്ടത്തില്‍ കേള്‍വിക്കുറവ്‌ എളുപ്പത്തില്‍ പരിഹരിക്കാം.
എന്താണ്‌ കേള്‍വിക്കുറവ്‌ ?
ഓഡിറ്ററി നേര്‍വുകളുടെ പ്രശ്‌നങ്ങള്‍ കൊണ്ടോ, ചെവിയുടെ വിവിധ അറകളുടെ പ്രവര്‍ത്തനമില്ലായ്‌മ കൊണ്ടോ കേള്‍വിക്കുറവുണ്ടാകാം. കേള്‍വിക്കുറവുകളെ രണ്ടായി തരംതിരിക്കാം. പുറത്തെ അറയുടെ അല്ലെങ്കില്‍ നടുവിലത്തെ അറയുടെ പ്രശ്‌നത്തിനെ കണ്ടക്‌ടീവ്‌ ഡെഫ്‌നെസ്സെന്നും ഉള്ളിലത്തെ അറകളുടെയോ ഓഡിറ്ററി നേര്‍വുകളുടെയോ പ്രശ്‌നം കൊണ്ടുണ്ടാകുന്ന സെന്‍സറി ന്യൂറല്‍ ഹിയറിംഗ്‌ ലോസ്സുമെന്നും പറയപ്പെടുന്നു.
വരാനുള്ള കാരണങ്ങള്‍
1. ഗര്‍ഭാവസ്‌ഥയില്‍ അമ്മയ്‌ക്കുണ്ടാകുന്ന ജെര്‍മന്‍ മീസെല്‍സ്‌, റുബെല്ലാ, ചിക്കന്‍പോക്‌സ് പോലെയുള്ള ഇന്‍വിട്രോ ഇന്‍ഫക്ഷന്‍സ്‌
2. പാരമ്പര്യം
3. രക്‌തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹം
4. ഭ്രൂണത്തിന്റെ സാധാരണ വികാസത്തിനു തടസ്സം ഉണ്ടാകുന്നത്‌
5. ഓട്ടോട്ടോക്‌സിറ്റി
6. മാസം തികയാതെയുള്ള പ്രസവം /അകാലപ്പിറവി
7. ഓക്‌സിജന്റെ അഭാവം 8. തലച്ചോറില്‍ അസാധാരണമായി ഉണ്ടാകുന്ന പിത്തരസം
9. മസ്‌തിഷ്‌ക ചര്‍മ്മവിര.
കണ്ടക്‌ടീവ്‌ ഡെഫ്‌നെസ്സ്‌
ചെവിക്കുണ്ടാകുന്ന ഇന്‍ഫക്ഷനാണ്‌ ഇതിന്റെ പ്രധാന കാരണം. ചെവിയില്‍ അടിഞ്ഞു കൂടുന്ന ചെവിക്കായം കേള്‍വിക്കുറവിനെ ബാധിക്കും. മൂക്കടപ്പം ജലദോഷവും വരുമ്പോള്‍ മൂക്കിന്റെ പിറകിലുള്ള ടിഷ്യു (എഡ്‌നോയിഡ്‌ ടിഷ്യൂ) വീര്‍ത്ത്‌ മൂക്കിനെയും ചെവിയെയും ബന്ധിപ്പിക്കുന്ന ട്യൂബ്‌ അടഞ്ഞു പോകും. ശരിയായ സമയത്ത്‌ ശിശുരോഗവിദഗ്‌ധനെയോ ഇ.എന്‍.ടി സ്‌പെഷ്യലിസ്‌റ്റിനെയോ സമീപിച്ച്‌ ചികിത്സിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാം.
ചികിത്സ
മരുന്നും ചെറിയ ശസ്‌ത്രക്രിയയോ വഴി ഇന്‍ഫക്ഷന്‍ മാറ്റി കേള്‍വിശക്‌തി തിരിച്ചെടുക്കാം. എന്നാല്‍ ജന്മനാല്‍ ചെവിയുടെ കനാലിനുണ്ടാകുന്ന പ്രശ്‌നമോ, ഒരു ചെവിക്കുള്ള കേള്‍വിക്കുറവോ മാറ്റണമെങ്കില്‍ ചികിത്സ വേണം. വലിയ ശബ്‌ദതരംഗങ്ങള്‍ തലയോട്ടിയിലൂടെ ചെവിയുടെ പുറം ഭിത്തികളിലേക്ക്‌ ബോണ്‍ ആങ്കേഡ്‌ ഹിയറിംഗ്‌ എയ്‌ഡ് എന്ന ഉപകരണത്തിലൂടെ കടത്തിവിടും.
സര്‍ജറിയിലൂടെ ഈ ഉപകരണം തലയോട്ടിയില്‍ ഉറപ്പിക്കുന്നു. ഈ ഉപകരണത്തിന്റെ പുറം ഭാഗം ഒരു കാന്തമാണ്‌. അത്‌ ചെവിയുടെ പുറത്ത്‌ ഉറപ്പിക്കുന്നു. അങ്ങനെ ശബ്‌ദം കേള്‍ക്കാന്‍ കഴിയുന്നു. ഉപയോഗിക്കാത്ത സമയത്ത്‌ ഈ കാന്തം മാറ്റി വയ്‌ക്കാവുന്നതാണ്‌.
സെന്‍സറി ന്യൂറല്‍ ഹിയറിംഗ്‌ ലോസ്‌
ഇരുപത്തഞ്ചു ശതമാനം കുട്ടികളുടെ കേള്‍വിക്കുറവ്‌ മൂന്നു വയസ്സിനു മുന്‍പു തിരിച്ചറിയാന്‍ കഴിയുന്ന ഈ കാലഘട്ടത്തില്‍, അന്‍പതു ശതമാനത്തിലധികം കുട്ടികളുടെ കേള്‍വിക്കുറവ്‌ തിരിച്ചറിയാതെ പോകുന്നു. കാലതാമസം നേരിടുമ്പോള്‍ കേള്‍വിശക്‌തി പൂര്‍ണ്ണമായും നഷ്‌ടപ്പെടും. സംസാരശേഷി ഇല്ലാതാകും.
അതുവഴി സമൂഹത്തില്‍ നിന്ന്‌ ഉള്‍വലിഞ്ഞ്‌ ആശയവിനിമയശേഷി നഷ്‌ടപ്പെടാനും കാരണമാകും. മൂന്നു വയസ്സിനു മുന്‍പ്‌ ചികിത്സ നല്‍കാന്‍ കഴിഞ്ഞാല്‍ ഒരുപരിധിവരെ കേള്‍വിശക്‌തി തിരിച്ചു പിടിക്കാം. അതിനു ശേഷമുള്ള ചികിത്സകള്‍ ഫലപ്രദമാകണമെന്നില്ല.
മൂന്നു വയസ്സിനു മുമ്പ്‌ കുട്ടികളുടെ പ്രതികരണങ്ങള്‍ കിട്ടാന്‍ ബുദ്ധിമുട്ടാണ്‌. അതു കൊണ്ട്‌ അത്‌ ആവശ്യപ്പെടാത്ത രീതിയിലുള്ള നൂതന സംവിധാനമായ നിയോണാറ്റല്‍ സ്‌ക്രീനിംഗ്‌ ഫോ ര്‍ ഹിയറിംഗ്‌ എന്ന മാര്‍ഗ്ഗം വഴി കുട്ടികളെ ചികിത്സിക്കാം. കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ തന്നെ പല ടെസ്‌റ്റുകളിലൂടെയും കേള്‍വിശക്‌തി പരിശോധിക്കാം. ഓട്ടോ അക്വസ്‌റ്റിക്‌ എമിഷന്‍ (ഒ.എ.ഇ), ബ്രെയിന്‍ സെ്‌റ്റം ഇവോക്‌ഡ് റെസ്‌പോണ്‍സ്‌ (ബെറാ) എന്നിവയാണ്‌ ഇതിലെ ടെസ്‌റ്റുകള്‍.
ഹിയറിംഗ്‌ എയ്‌ഡുകള്‍ പലതുണ്ടെങ്കിലും അതിന്റെ സഹായം പരിമിതമായതു കൊണ്ട്‌ ഈ കുട്ടികള്‍ പതിയെപ്പതിയെ ഇത്തരം കുട്ടികള്‍ ആശയവിനിമയത്തിനു വേണ്ടി ആംഗ്യഭാഷയെയും മറ്റുള്ളവരുടെ ചുണ്ടനക്കത്തെയും ആശ്രയിക്കും.
ചികിത്സ
മെഡിക്കല്‍ മേഖലയിലെ ഏറ്റവും ഗുണകരമെന്ന്‌ അറിയപ്പെടുന്ന കോക്ക്‌ളിയര്‍ ഇംപ്‌ളാന്റ്‌ എന്ന നൂതന ചികിത്സാരീതിയാണ്‌ കേള്‍വിശക്‌തിക്ക്‌ ഏറ്റവുമധികം സഹായിക്കുന്നതായി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്‌. മൈക്രോസ്‌കോപിക്‌ സര്‍ജറിയിലൂടെ ചെവിയുടെ ഉള്‍ഭാഗത്ത്‌ ഘടിപ്പിക്കുന്ന ഈ ഉപകരണം ഓഡിറ്ററി നേര്‍വുമായി നേരിട്ട്‌ ബന്ധിപ്പിക്കും. അനസ്‌തേഷ്യ കൊടുത്ത്‌ ചെയ്യുന്ന ഈ സര്‍ജറിക്ക്‌ ഏകദേശം 2-3 മണിക്കൂറെടുക്കും.
കുഞ്ഞുങ്ങള്‍ രണ്ടു ദിവസം ആശുപത്രിയില്‍ കിടക്കേണ്ടി വരും, ഈ ഉപകരണം പ്രവര്‍ത്തിച്ചു തുടങ്ങുന്നത്‌ മൂന്ന്‌ ആഴ്‌ചകള്‍ക്കു ശേഷമായിരിക്കും. ആറു മാസം മുതല്‍ ഒരു വയസ്സു വരെ എന്ന കാലയളവിലാണ്‌ സാധാരണ കുട്ടികള്‍ സംസാരിച്ചു തുടങ്ങുന്നത്‌. ഈ ഉപകരണം ഘടിപ്പിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ അന്നു മുതല്‍ കേള്‍ക്കാനുള്ള കഴിവുണ്ടാകും. മാത്രവുമല്ല സാധാരണ കുട്ടികള്‍ സംസാരിച്ചു തുടങ്ങുന്ന അതേ സമയത്തു തന്നെ സംസാരിച്ചും തുടങ്ങും.
ഓഡിറ്ററി വെര്‍ബല്‍ തെറാപ്പിയും ഇതിനോടൊപ്പം ചെയ്‌തു തുടങ്ങണം. എങ്കില്‍ മാത്രമേ ഒരു തടസ്സങ്ങളുമില്ലാതെ കേള്‍ക്കാനും സംസാരിക്കാനും കഴിയൂ.
രോഗാവസ്‌ഥയെ വേണ്ട സമയത്ത്‌ തിരിച്ചറിഞ്ഞ്‌ ചികിത്സ നല്‍കണം. ബോധവത്‌കരണത്തിലൂടെ സമൂഹത്തിന്റെ മനസ്‌ഥിതി മാറ്റിയാല്‍ ശ്രവണശേഷിയില്ലാത്ത കുട്ടികളെ കണ്ട്‌ സങ്കടപ്പെടേണ്ടി വരില്ല.
കടപ്പാട്: ഡോ. ആശിഷ്‌ ആലപ്പാട്ട്‌
ഇ.എന്‍.ടി, ഹെഡ്‌ ആന്റ്‌ നെക്ക്‌ സര്‍ജന്‍,
സണ്‍ മെഡിക്കല്‍ ആന്റ്‌ റിസേര്‍ച്ച്‌ സെന്റര്‍
തൃശൂര്‍, ഫോണ്‍- 9562261477
കര്‍ണരോഗങ്ങള്‍
മലിനമായ വെള്ളത്തില്‍ കുളിക്കുകയും വലിയ ശബ്‌ദം ശ്രവിക്കുകയുമൊക്കെ ചെയ്യുന്നത്‌ കേള്‍വിയുടെ ആയുസ്‌ കുറയ്‌ക്കും. കേള്‍വിക്കുറവോ, ചെവിക്ക്‌ മറ്റ്‌ അസ്വസ്‌ഥതകളോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ എത്രയും വേഗം ഡോക്‌ടറെ കണ്ട്‌ പരിശോധന നടത്തണം
കേള്‍വിയെ തകര്‍ക്കുന്ന നിരവധി കര്‍ണരോഗങ്ങളുണ്ട്‌. അശ്രദ്ധമായ ജീവിതശൈലി തന്നെയാണ്‌ ഇത്തരം തകരാറുകള്‍ക്ക്‌ കാരണം. കേള്‍വി എക്കാലത്തും നിലനില്‍ക്കണമെങ്കില്‍ കര്‍ണസംരക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കണം. മലിനമായ വെള്ളത്തില്‍ കുളിക്കുകയും വലിയ ശബ്‌ദം ശ്രവിക്കുകയുമൊക്കെ ചെയ്യുന്നത്‌ കേള്‍വിയുടെ ആയുസ്‌ കുറയ്‌ക്കും.
കേള്‍വിക്കുറവോ, ചെവിക്ക്‌ മറ്റ്‌ അസ്വസ്‌ഥതകളോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ എത്രയും വേഗം ഡോക്‌ടറെ കണ്ട്‌ പരിശോധന നടത്തണം. യഥാസമയത്ത്‌ ചികിത്സ ലഭിക്കാതിരുന്നാല്‍ ചിലപ്പോള്‍ കേള്‍വിശക്‌തിയെ അത്‌ സാരമായി ബാധിച്ചേക്കാം.
ചെവി ഒലിപ്പ്‌
കര്‍ണശൂല എന്നുപറയുന്ന അസുഖമാണിത്‌. പ്രായപൂര്‍ത്തിയായവരിലാണ്‌ ഇത്‌ കൂടുതലായി കണ്ടുവരുന്നത്‌. കുട്ടികളില്‍ ചെവിയില്‍ പഴുപ്പും പിന്നീടിത്‌ പൊട്ടി പുറത്തേക്കൊലിക്കുകയും ചെയ്യുന്ന അവസ്‌ഥ കാണാറുണ്ട്‌. ചെവിയിലെ പാടപൊട്ടിയാണ്‌ പഴുപ്പ്‌ പുറത്തേക്കൊലിക്കുന്നത്‌. പൊട്ടിയ പാട ചികിത്സ കൂടാതെതന്നെ ശരിയായിക്കൊള്ളും. എന്നാല്‍ ഇതിന്‌ പഴയതിന്റെ അത്ര ഗുണനിലവാരം ഉണ്ടാകില്ല.
മൂന്നാവരണങ്ങളാണ്‌ പാടയ്‌ക്കുള്ളത്‌. എന്നാല്‍ പൊട്ടികഴിഞ്ഞാല്‍ രണ്ടാവരണങ്ങളേ കാണുകയുള്ളൂ. അതിനാല്‍ കേള്‍വി ശക്‌തി കുറയാം.
ചെവി ഒലിപ്പിനെ രണ്ടായി തിരിക്കാം. ഗുരുതരമായതും ഗുതരമല്ലാത്തതും.
ചെവി ഒലിപ്പ്‌ വലിയ പ്രശ്‌നകാരിയല്ല എന്നുകരുതിയവര്‍ക്ക്‌ തെറ്റി. ചെവി ഒലിപ്പു കണ്ടാല്‍ ഉടനെ ഡോക്‌ടറെ കണ്ട്‌ ചികിത്സ നടത്തുക. തലകറക്കം, നടക്കുമ്പോള്‍ ശരീരത്തിന്റെ ബാലന്‍സ്‌ തെറ്റുക, തലച്ചോറിലേക്കും രക്‌തത്തിലേക്കും പഴുപ്പ്‌ കയറുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ചെവിയില്‍ പഴുപ്പുണ്ടോ എന്നു പരിശോധിപ്പിക്കുക. ഗുരുതരമാണെങ്കില്‍ ശസ്‌ത്രക്രിയ ആവശ്യമാണ്‌. ശസ്‌ത്രക്രിയ കഴിഞ്ഞാലും മൂന്നുമാസമാകുമ്പോള്‍ ചെവി വൃത്തിയാക്കണം. ആറുമാസത്തിലൊരിക്കല്‍ ഡോക്‌ടറെ കണ്ട്‌ പരിശോധന നടത്തുക.
ഫംഗസ്‌ ബാധ
അഴുക്കുവെള്ളത്തില്‍ കുളിക്കുന്നതു മൂലമാണ്‌ ഫംഗസ്‌ ബാധ ഉണ്ടാകുന്നത്‌.
ഗ്രാമങ്ങളിലെ പൊതു കുളത്തിലും, തോട്ടിലും, മലിനമായ പൈപ്പു വെള്ളത്തിലും കുളിക്കുന്നവരില്‍ ചെവിയില്‍ കൂടുതലായി ഫംഗസ്‌ ബാധ ഉണ്ടാകുന്നു. ചെവിയിലെ ഈര്‍പ്പവും, ചെറിയ ചൂടും ഫംഗസിന്‌ കാരണമാകും. ചെവി വേദനയാണ്‌ ഇതിന്റെ ലക്ഷണം. ചെവി വൃത്തിയാക്കുകയും, ഫംഗസിനുള്ള തുള്ളിമരുന്നൊഴിക്കുകയുമാണ്‌ ഇതിനുള്ള പ്രതിവിധി.
എല്ലിന്റെ തകരാറ്‌
മധ്യകര്‍ണത്തിലുള്ള മൂന്നു ചെറിയ എല്ലുകളില്‍ ഏറ്റവും ചെറിയ 'സ്‌റ്റെപിസ്‌' ചലിക്കുമ്പോഴാണ്‌ ശബ്‌ദം കേള്‍ക്കുന്നത്‌. ഈ അസ്‌ഥിക്കു ചുറ്റും ചെറിയ വളര്‍ച്ചയുണ്ടായി ചലനശേഷി നഷ്‌ടപ്പെടുമ്പോഴാണ്‌ മധ്യവയസ്‌കരില്‍ കേള്‍വിശക്‌തി കുറയുന്നത്‌.'സ്‌റ്റെപിഡക്‌ടമി' എന്നറിയപ്പെടുന്ന ശസ്‌ത്രക്രിയയിലൂടെ ഇത്‌ പരിഹരിക്കാനാകും. വളരെ ശ്രദ്ധാപൂര്‍വം ചെയ്യേണ്ട ശസ്‌ത്രക്രിയയാണിത്‌.
ശസ്‌ത്രക്രിയ സമയത്ത്‌ അസ്‌ഥിക്ക്‌ അടുത്തുകൂടി പോകുന്ന നാഡി മുറിഞ്ഞാല്‍ കേള്‍വി പൂര്‍ണമായി നഷ്‌ടപ്പെടാന്‍ കാരണമാകും. സ്‌റ്റെപിസ്‌ അസ്‌ഥിയില്‍ ഒരു ദ്വാരമിട്ട്‌ ചെറിയ ഒരു കമ്പി (പിസ്‌റ്റണ്‍) കയറ്റി മറ്റൊരു അസ്‌ഥിയായ 'ഇന്‍കസു'മായി ഘടിപ്പിക്കുകയാണ്‌ ശസ്‌ത്രക്രിയയിലൂടെ ചെയ്യുന്നത്‌.
ചര്‍മ്മ വരള്‍ച്ച
മൂക്കിനടിയില്‍ തുറക്കുന്ന ട്യൂബിലൂടെ ചെവിക്കുള്ളില്‍ വായു എത്തിയാല്‍ മാത്രമേ ചര്‍മ്മപാളിക്ക്‌ അകത്തെ വായുസമ്മര്‍ദ്ദം പുറത്തേതിന്‌ തുല്യമാവുകയുള്ളൂ. ജലദോഷമോ, അലര്‍ജിയോ ഉണ്ടായാല്‍ മധ്യകര്‍ണത്തിലെ ചര്‍മ്മപാളി അകത്തേക്കു വളഞ്ഞ്‌ അണുബാധയുണ്ടാകുന്നു. ചെവിയില്‍നിന്നുള്ള ഒലിപ്പാണ്‌ ഇതിന്റെ ലക്ഷണം. രാത്രികാലങ്ങളില്‍ ചെവിവേദന അനുഭവപ്പെടും. സ്‌കാന്‍ ചെയ്‌താല്‍ ചര്‍മ്മത്തിലെ വീര്‍പ്പ്‌ അറിയാന്‍ കഴിയും. ചെവിയില്‍ തുള്ളി മരുന്നൊഴിക്കുക. ഒപ്പം ഡോക്‌ടര്‍ നിര്‍ദേശിച്ചിട്ടുള്ള ആന്റിബയോട്ടിക്‌ ഗുളികകളും കഴിക്കുക. അണുബാധ മാറിയാല്‍ ചര്‍മ്മത്തിലെ വീര്‍പ്പും മാറിക്കൊള്ളും.
മുഖം കോടല്‍
സാധാരണ പക്ഷാഘാതം മൂലം മുഖം കോടിപ്പോകാറുണ്ട്‌. എന്നാല്‍ ചെവിക്കുള്ളില്‍ പഴുപ്പോ, വൈറല്‍ ബാധയോ ഉണ്ടായാലും ഇത്‌ സംഭവിക്കാം. ചലനശേഷി നിയന്ത്രിക്കുന്ന നാഡി കടന്നുപോകുന്നതു ചെവിക്കുള്ളിലൂടെയാണ്‌. ഈ നാഡിക്ക്‌ പഴുപ്പോ, വൈറല്‍ ബാധയോ ഉണ്ടായാല്‍ മുഖം കോടിപ്പോകുന്നു.
ചെവിക്കുള്ളിലുണ്ടാകുന്ന പരുക്ക്‌, മുഴ എന്നിവ യഥാസമയം ചികിത്സിച്ചില്ല എങ്കില്‍ നാഡികളെ തളര്‍ത്തി മുഖത്തിന്‌ കോട്ടമുണ്ടാകാം. മരുന്നുകഴിച്ചാല്‍ മാറുന്നതാണെങ്കിലും ചില മുഴകള്‍ ശസ്‌ത്രക്രിയയിലൂടെ മാറ്റേണ്ടതായിവരും. നല്ലൊരു ഇ.എന്‍.ടി ഡോക്‌ടറെ കാണിച്ചാല്‍ ഇതറിയാന്‍ കഴിയും.
ചെവിക്കായം നിറഞ്ഞാല്‍
പ്രാണികളില്‍ നിന്നും ചെവിക്ക്‌ സംരക്ഷണം ലഭിക്കണമെങ്കില്‍ ചെവിക്കായം ആവശ്യമാണ്‌. എന്നാല്‍ ചെവിക്കായം കുമിഞ്ഞുകൂടിയാല്‍ ചെവിവേദനയുണ്ടാകും. ബാഹ്യകര്‍ണത്തില്‍ കട്ടപിടിച്ച്‌ കല്ലുപോലെ ചെവിക്കായമിരിക്കും. ഇത്‌ ചെവിവേദനയുണ്ടാക്കുകയും ഒപ്പം കേള്‍വി ശക്‌തി കുറയ്‌ക്കുകയും ചെയ്യും. കട്ടപിടിച്ച ചെവിക്കായം സ്വയം എടുത്തുകളയരുത്‌.
ചില തുള്ളിമരുന്നുകള്‍ ഒഴിച്ചാല്‍ അത്‌ അലിഞ്ഞു കിട്ടും. ഇത്‌ കുറച്ചു ദിവസമൊഴിക്കുമ്പോള്‍ വേദന കുറയും. കുറഞ്ഞില്ല എങ്കില്‍ ഡോക്‌ടറെ കാണുക. കുട്ടികളിലാണ്‌ ഈ പ്രശ്‌നമെങ്കില്‍ ഡോക്‌ടറെ കാണിക്കുന്നതായിരിക്കും ഉചിതം. നമ്മള്‍ തന്നെ ചെവിക്കായം എടുക്കാന്‍ ശ്രമിക്കുകയോ, മരുന്നൊഴിക്കുകയോ ചെയ്യരുത്‌.
കുട്ടികളിലെ കേള്‍വിത്തകരാര്‍

കുട്ടികളിലെ കേള്‍വി വൈകല്യങ്ങള്‍ അവരുടെ പഠനത്തെ ബാധിക്കും. അധ്യാപകരോ, രക്ഷിതാക്കളോ കുട്ടികളിലെ കേള്‍വിക്കുറവ്‌ കണ്ടെത്തണം. ഇതു ചിലപ്പോള്‍ പഠനവൈകല്യത്തിന്‌ കാരണമായേക്കാം
കുട്ടികളിലെ കേള്‍വിത്തകരാര്‍ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു. കേള്‍വിക്കുറവ്‌ കുട്ടികള്‍ക്ക്‌ സ്വയം തിരിച്ചറിയാന്‍ കഴിയില്ല. എന്നാല്‍ ഇൗ കുറവ്‌ കുട്ടിയുടെ സ്വഭാവത്തില്‍ പ്രതിഫലിക്കും. പറഞ്ഞാല്‍ കേള്‍ക്കാത്തവനെന്നും അനുസരണയില്ലാത്തവനെന്നൊക്കെയുള്ള പഴി കള്‍ കേക്കേണ്ടിവരുന്നു. ചിലപ്പോള്‍ വീട്ടിലും ക്ലാസിലും കുട്ടി ഒറ്റപ്പെട്ടു പോയെന്നുമിരിക്കും. പഠനകാര്യത്തില്‍ എപ്പോഴും പിന്നാക്കമാകാനും ഇടയുണ്ട്‌.
ഇവരെ രക്ഷിക്കാന്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കഴിയും. കുട്ടിയുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങളില്‍ നിന്നും കേള്‍വിത്തകരാര്‍ മനസിലാക്കാം. പഠിക്കുന്ന കാലമായതിനാല്‍ കേള്‍വി പ്രശ്‌നം തക്കസമയത്ത്‌ ചികിത്സിക്കാതിരുന്നാല്‍ കുട്ടിയുടെ ഭാവിതന്നെ അപകടത്തിലാകും.
സംസാരശൈലി, ആശയവിനിമയം, ഭാഷാപഠനം എന്നിവയെ എല്ലാം കേള്‍വിക്കുറവ്‌ ബാധിക്കും. കേള്‍വിക്കുറവുള്ള കുട്ടികള്‍ക്ക്‌ ഏതു ഭാഷയിലായാലും പദസമ്പത്ത്‌ കുറവായിരിക്കുമെന്ന്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വാക്കുകളുടെ ഉച്ചാരണരീതി അറിയാന്‍ കഴിയില്ല. സ്വന്തം ശബ്‌ദം കേള്‍ക്കാനാവില്ല. അതിനാല്‍ കേള്‍വിത്തകരാറുള്ള കുട്ടികള്‍ ഉച്ചത്തില്‍ സംസാരിക്കും.
കേള്‍വിത്തകരാറുള്ള കുട്ടി ക്ലാസില്‍ ഒറ്റപ്പെട്ടെന്നിരിക്കും. മറ്റുള്ള കുട്ടികള്‍ക്കൊപ്പം കൂടാനോ, കളികളിലേര്‍പ്പെടാനോ ഇവര്‍ക്ക്‌ കഴിഞ്ഞെന്ന്‌ വരില്ല. കൂട്ടുകാരില്‍ നിന്നും അകന്നുനില്‍ക്കാന്‍ ശ്രമിക്കും. അങ്ങനെ കുട്ടികളിലെ ബധിരത അവരെ ശാരീരികമായും മാനസികമായും തളര്‍ത്തും.
കാരണങ്ങള്‍ പലത്‌
കേള്‍വിക്കുറവിന്റെ പ്രധാന കാരണം ചെവിയുടെ മധ്യഭാഗത്തുള്ള വായു ഉള്‍ക്കൊള്ളുന്ന അറയില്‍ പശ പോലുള്ള ദ്രാവകം ഉണ്ടാകുന്ന മിഡില്‍ ഇയര്‍ എഫ്യൂഷന്‍ എന്ന രോഗമാണ്‌. ഇത്‌ കേള്‍വിക്കുറവ്‌ ഉണ്ടാക്കുക മാത്രമല്ല, ഭാവിയില്‍ ചെവിയുടെ ഉള്‍ഭാഗമാകെ നശിക്കുവാനും കാരണമായേക്കാവുന്നതും പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നതുമായ ഒരു രോഗമാണ്‌.
കൂടെക്കൂടെയുണ്ടാവുന്ന ജലദോഷവും മൂക്കടപ്പും തൊണ്ടയിലെ അസുഖങ്ങളും മറ്റും മൂക്കിന്റെ ഏറ്റവും പിന്നിലെ വായു അറയില്‍ നീര്‍ക്കെട്ടുമാണ്‌ തുടക്കം. ഇവിടെ നിന്ന്‌ ചെവിയിലേക്ക്‌ വായുകടത്തിവിടുന്ന യൂസ്‌റ്റേഷ്യന്‍ ട്യൂബ്‌ തന്‍മൂലം പ്രവര്‍ത്തിക്കാതെ വരികയും ചെവിയിലെ വായു അറയില്‍ നേരത്തെ ഉണ്ടായിരുന്ന വായു സംവിധാനം ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നതോടെ ചെവിയുടെ മധ്യമകര്‍ണ്ണത്തിലെ വായു സമ്മര്‍ദ്ദം കുറഞ്ഞ്‌ വായു ഇല്ലാത്ത അവസ്‌ഥയുണ്ടാകുന്നു.
ഈ ന്യൂനമര്‍ദ്ദത്തെ ശരീരം നേരിടുന്നത്‌ കട്ടിയുള്ള കൊഴുകൊഴുത്ത ദ്രാവകം ഇവിടേക്ക്‌ ഉല്‍പ്പാദിപ്പിച്ചു കൊണ്ടാണ്‌. ഈ കൊഴുത്ത ദ്രാവകം ചെവിയുടെ ഉള്ളിലേക്കുള്ള ശബ്‌ദപ്രസാരണത്തിന്‌ തടസമാകുന്നത്‌ കാരണമാണ്‌ കേള്‍വിക്കുറവുണ്ടാകുന്നത്‌. ഇതുമൂലം ചെവിയില്‍നിന്ന്‌ പഴുപ്പോ, വേദനയോ ഉണ്ടാവുന്നതേയില്ല. അതുകൊണ്ട്‌ തന്നെ ഈ രോഗം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്യുന്നു. മാതാപിതാക്കളോ, അധ്യാപകരോ ശ്രദ്ധിച്ചാല്‍ മാത്രമേ ഇത്‌ മനസിലാവുകയുള്ളൂ.
ശ്രദ്ധിച്ചാല്‍ തിരിച്ചറിയാം
കുട്ടിയെ പേരുചൊല്ലി വിളിച്ചാല്‍ ശ്രദ്ധിക്കാതിരിക്കുകയും ടി.വി. കാണുമ്പോള്‍ കൂടുതല്‍ അടുത്തുപോയിരുന്ന്‌ കാണുകയും ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ചും ഇടയ്‌ക്കിടെ ജലദോഷം കാരണമോ അല്ലാതെയോ മൂക്കടപ്പ്‌ ഉണ്ടാകുന്ന കുട്ടികളില്‍.
ആദ്യകാലത്തുതന്നെ ഈ അസുഖം ശരിയായരീതിയില്‍ ചികിത്സിക്കപ്പെട്ടിട്ടില്ലെങ്കില്‍ ഈ പശപോലത്തെ ദ്രാവകം സാവധാനം ആഗിരണം ചെയ്‌തുപോകും. അതോടൊപ്പം ചെവിയുടെ കര്‍ണ്ണപുടത്തിലെ രക്‌തയോട്ടം തടസപ്പെടുന്നു.
അതിന്റെ വടിവ്‌ നഷ്‌ടപ്പെട്ട്‌, തീരെ കനം കുറഞ്ഞ്‌ പൊടിഞ്ഞു പോകുന്ന അവസ്‌ഥയോ, അല്ലങ്കില്‍ ഉള്ളിലേക്ക്‌ വലിഞ്ഞ്‌ ചെവിയുടെ ഉള്‍ഭാഗത്തെ ഭിത്തിയിലേക്ക്‌ ഒട്ടിപ്പോകുന്ന അവസ്‌ഥയിലോ എത്തിയേക്കാം. മാത്രവുമല്ല, ചെവിയുടെ ഉള്‍ഭാഗത്തെ നേര്‍ത്ത മൂന്ന്‌ എല്ലുകളില്‍ ഒരെണ്ണമോ, അതിലധികമോ ദ്രവിച്ചു പോകാനും സാധ്യതയുണ്ട്‌. ഇതെല്ലാം ശബ്‌ദതരംഗങ്ങള്‍ ചെവിയുടെ അകത്തേ ഭാഗത്തേക്ക്‌ മ്യധമകര്‍ണ്ണത്തിലൂടെ കടന്നുപോകുന്നതില്‍ തടസമായി നില്‍ക്കുന്നു. ഇതും കേള്‍വിക്കുറവിന്‌ ഒരു പ്രധാന കാരണമാണ്‌.
ചികിത്സ വൈകരുത്‌
ഇത്തരത്തിലുള്ള രോഗികള്‍ രോഗത്തിന്റെ പല ഘട്ടങ്ങളിലാണ്‌ ഡോക്‌ടറുടെ അടുത്ത്‌ ചികിത്സ തേടി വരാനിടയാകുന്നത്‌. ചിലര്‍ ആദ്യഘട്ടത്തില്‍ തന്നെ എത്തുമ്പോള്‍ മറ്റു ചിലര്‍ യാതൊരുതരത്തിലുള്ള പുനര്‍നിര്‍മ്മാണ ശസ്‌ത്രക്രിയകളും സാധ്യമല്ലാത്ത അവസാന ഘട്ടത്തിലോ, അതുമല്ലെങ്കില്‍ ഇതിനിടയിലുള്ള അവസ്‌ഥയിലോ ആണ്‌ എത്തുന്നത്‌.
അതുകൊണ്ടുതന്നെ വ്യത്യസ്‌ത ഘട്ടങ്ങളില്‍ വ്യത്യസ്‌ത ചികിത്സയായിരിക്കും രോഗികള്‍ക്ക്‌ ലഭിക്കുന്നത്‌. ശ്രദ്ധയോടെ നിരീക്ഷിച്ചാല്‍ തുടക്കത്തില്‍ തന്നെ കണ്ടുപിടിച്ച്‌ മരുന്നു കൊണ്ടുതന്നെ ഇത്‌ ചികിത്സിക്കാനാവും. സംശയമുള്ള കുട്ടികളില്‍ ഇംപെഡന്‍സ്‌ ഓഡിയോഗ്രാം ചെയ്‌തു നോക്കിയാല്‍ രോഗാവസ്‌ഥ വെളിപ്പെടുന്നതാണ്‌.
മരുന്നുകള്‍ മൂന്ന്‌ മാസം തുടര്‍ച്ചയായി കഴിച്ചിട്ടും രോഗം മാറാതിരുന്നാലോ, ചെവിയുടെ ഉള്ളിലെ പാട (കര്‍ണ്ണപുടം) യില്‍ ഏതെങ്കിലും തരത്തിലുള്ള ഘടനാപരമായ തകരാറുകള്‍ കണ്ടുതുടങ്ങിയാലോ, അതുമല്ലെങ്കില്‍ പഠനത്തെ ഈ രോഗം ബാധിക്കുന്ന അവസ്‌ഥയെത്തുമ്പോഴോ മാത്രമേ ഇത്‌ ഓപ്പറേഷന്‍ മുഖേന ചികിത്സിക്കപ്പെടേണ്ടി വരുന്നുള്ളൂ.
ഗ്രോമെറ്റ്‌ എന്ന ചെറിയ ട്യൂബ്‌ കര്‍ണ്ണപുടത്തില്‍ ഘടിപ്പിക്കുന്നതാണ്‌ ഈ ഓപ്പറേഷനിലൂടെ ചെയ്യുന്നത്‌. ചെവിയുടെ ഉള്ളില്‍നിന്ന്‌ നീര്‌ വലിച്ചെടുത്തശേഷം ഉള്ളിലേക്ക്‌ വായു കടത്തി വിടാനായി ഇത്‌ കര്‍ണ്ണപുടത്തില്‍ ഘടിപ്പിക്കുന്നു. ഇതു മൂലം മറ്റ്‌ പല പ്രശ്‌നങ്ങള്‍ ഉണ്ടാവാമെങ്കിലും ഇങ്ങനെ ചെയ്യുക മാത്രമേ നിവൃത്തിയുള്ളൂ.
പഴകിയ ചെവിപഴുപ്പ്‌
പഴകിയ ചെവി പഴുപ്പ്‌ ആണ്‌ കേള്‍വിക്കുറവിനുള്ള മറ്റൊരു കാരണം. ഇത്‌ വളരെ സാധാരണമായ രോഗമാണ്‌. പക്ഷേ, ഈ രോഗം ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഇക്കാലങ്ങളില്‍ കുറവാണ്‌. ചെവിപഴുപ്പ്‌ രണ്ട്‌ വിധത്തിലുണ്ട്‌. അപകടകരമായതും അല്ലാത്തതും. ചെവിയില്‍ മാത്രമായി നില്‌ക്കാതെ തലച്ചോറിലേക്കും സമീപ സ്‌ഥലങ്ങളിലേക്കും വ്യാപിച്ച്‌ മാരകമാകാവുന്ന പല പ്രശ്‌നങ്ങളും ഉണ്ടാക്കാനാകുന്നതാണ്‌ അകാരണമായ ചെവിപഴുപ്പ്‌. മറ്റൊന്ന്‌ ചെവിയില്‍നിന്ന്‌ നീരൊലിപ്പ്‌, കേള്‍വിക്കുറവ്‌ മുതലായ രോഗലക്ഷണങ്ങള്‍ മാത്രം ഉണ്ടാകുന്നതാണ്‌. സ്‌ഥിരമായി മണമുള്ള മഞ്ഞ നിറത്തിലോ, പച്ച നിറത്തിലോ ഉള്ള രക്‌തമയമുള്ളതോ ഇല്ലാത്തതോ ആയ പഴുപ്പ്‌ ചെറിയ തോതില്‍ ചെവിയില്‍നിന്ന്‌ വരുന്നത്‌ അപകടകരമായ പഴുപ്പിനെ സൂചിപ്പിക്കുന്നു.
മണമില്ലാത്തതും, ജലദോഷമോ പനിയോ വരുമ്പോള്‍ നന്നായി ഒലിക്കുന്നതും അല്ലാത്തപ്പോഴൊക്കെ ഉണങ്ങിയിരിക്കുന്നതുമായ പഴുപ്പാണ്‌ അപകടരഹിതം. രണ്ട്‌ രോഗത്തിനും ചികിത്സ ഓപ്പറേഷന്‍ മാത്രമാണ്‌. ചെവിയില്‍ നിന്ന്‌ പഴുപ്പു വരുന്നത്‌ തുള്ളിമരുന്ന്‌ മൂലം ഇല്ലാതാക്കാമെങ്കിലും ചെവിയിലെ ദ്വാരം പഴകി പോയതാണെങ്കില്‍ അടയില്ല. അത്‌ ഓപ്പറേഷന്‍ വഴി അടയ്‌ക്കാവുന്നതാണ്‌.
കോക്ലിയാര്‍ ഇംപ്ലാന്റ്‌
മുമ്പൊക്കെ ശ്രവണ സഹായി ഉപയോഗിച്ച്‌ കാര്യമായി പ്രയോജനം സിദ്ധിക്കാതെ ബധിരമൂകരായി കഴിഞ്ഞിരുന്ന അവസ്‌ഥയ്‌ക്ക് വിപ്ലവകരമായ മാറ്റം വരുത്താന്‍ ഈ ചികിത്സാരീതിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ഈ ഉപകരണത്തിന്റെ വന്‍ വില മാത്രമാണ്‌ ഇക്കാര്യത്തില്‍ ഒരു തടസമായി നില്‍ക്കുന്നത്‌. ഓപ്പറേഷനും അനുബന്ധ തെറാപ്പികളും താരതമ്യേന എളുപ്പമുള്ളത്‌ തന്നെയാണ്‌. പക്ഷേ, എത്ര നേരത്തെ ഓപ്പറേഷന്‍ ചെയ്യുന്നുവോ അത്രയും നല്ലതാണ്‌. പ്രത്യേകിച്ചു മെനിഞ്ചൈറ്റിസിന്‌ ശേഷമുള്ള കേള്‍വി നഷ്‌ടപ്പെടലിലൂടെഉണ്ടാവുന്ന ബധിരത മാറ്റാന്‍.
ചെവിക്കായം കേള്‍വിക്ക്‌ തടസമല്ല
ചെവിയില്‍ ചെവിക്കായം എന്ന്‌ അറിയപ്പെടുന്ന മെഴുക്‌ കാര്യമായ കേള്‍വിക്കുറവ്‌ ഉണ്ടാക്കുന്നതല്ല. സാധാരണയായി ചെവി ഇടയ്‌ക്കിടെ വൃത്തിയാക്കി നീക്കിക്കളഞ്ഞുകൊണ്ടിരിക്കേണ്ട ആവശ്യവും ഇല്ല. പലപ്പോഴും ഇത്തരത്തിലുള്ള ക്ലീനിംഗ്‌ ചെവിയില്‍ കര്‍ണ്ണമെഴുക്‌ അടിഞ്ഞു കൂടാന്‍ കാരണമാകുന്നു.
ചെവിക്കായവും, പഴകിയ സെല്ലുകളും എല്ലാം ഒരു കണ്‍വെയര്‍ ബെല്‍റ്റിലൂടെ എന്ന മാതിരി പുറത്തേയ്‌ക്ക് സാവധാനമായി നീങ്ങിക്കൊണ്ടിരിക്കുന്നതാണ്‌ പ്രകൃതിയുടെ രീതി. അതിനെ തടസപ്പെടുത്തലാവും ഇടയ്‌ക്കിടെ ബഡ്‌സ് ഉപയോഗിച്ചുള്ള സ്വയം വൃത്തിയാക്കല്‍.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം