ശബരിമല അയ്യപ്പൻ
എന്ന ശ്രീ ബുദ്ധൻ

കടപ്പാട് : ജയകുമാർ ഏഴിക്കര

കോടിക്കണക്കിന് വിശ്വാസികളായ ഭക്ത ജനങ്ങളാണ് എല്ലാ വർഷവും ശബരിമല തീർഥാടനം നടത്തിവരുന്നത്. ശബരിമലയിലെ പ്രതിഷ്ടാ മൂർത്തിയായ " സ്വാമി അയ്യപ്പനെ, അഥവാ ശ്രീ ധർമ്മ ശാസ്താവിനെ വണങ്ങുന്നതിനാണ് ഇവരെല്ലാം പോകുന്നത്. സത്യത്തിൽ ആരാണ് ഈ അയ്യപ്പൻ, അഥവാ ശാസ്താവ്....?

പാലാഴി മഥന വേളയിൽ മഹാവിഷ്ണുവിന്റെ മോഹിനീ രൂപം കണ്ടു കാമ മോഹിതനായ ശിവന് മോഹിനിയിൽ ഉണ്ടായ പുത്രനായ ഹരി-ഹര സുതനാണ് അയ്യപ്പൻ എന്ന കഥയാണ് പ്രചരിച്ചു വരുന്നത്.

എന്നാൽ സത്യം എന്താണ്...?

അയ്യൻ എന്നത് മലയാളത്തിൽ ഗൗതമ ബുദ്ധന്റെ ( ശ്രീ ബുദ്ധൻ ) പേരാണ്. ഗൗതമ ബുദ്ധനെ , ചാത്തൻ , അയ്യൻ, അയ്യപ്പൻ, കരുമാടി തുടങ്ങിയ പേരുകളിലാണ് കേരളത്തിൽ അറിയപ്പെട്ടിരുന്നത്. ശാക്യമുനി എന്നരിയപ്പെട്ടിരുന്ന ശ്രീ ബുദ്ധനെ തമിഴിൽ 'മുനിയാണ്ടി' (ആണ്ടവനായ മുനി) എന്നാണ് അറിയപ്പെട്ടിരുന്നത്. അയ്യൻ എന്നു തമിഴിലും ബുദ്ധൻ വിളിക്കപ്പെടുന്നു.

അയ്യനായ അപ്പൻ ആണ് അയ്യപ്പൻ . അപ്പൻ എന്നത് അച്ഛൻ എന്നതിന്റെ ദ്രാവിഡ രൂപമാണ്. മതങ്ങൾ ദൈവത്തെ പിതൃ സങ്കൽപ്പത്തിൽ കാണുന്നുണ്ട് .ജഗൽ പിതാവ് എന്ന് ദൈവത്തെ വിളിച്ചുവരുന്നു .

ക്രിസ്തു മതത്തിലും ദൈവത്തെ " സ്വർഗസ്ഥനായ പിതാവേ..... " എന്നാണു വിളിക്കുന്നത്‌. വൈക്കത്തപ്പൻ , ഗുരുവായൂരപ്പാൻ, ഏറ്റുമാനൂരപ്പാൻ, തൃക്കാക്കര അപ്പൻ, പഴനി അപ്പൻ തുടങ്ങി എണ്ണമറ്റ ശൈവ, വൈഷ്ണവ ദൈവങ്ങളെയും അപ്പൻ എന്ന പദം ചേർത്ത് പറഞ്ഞു വരുന്നു. അപ്പോൾ അയ്യപ്പൻ 'അയ്യനാകുന്ന അപ്പൻ' ആയ സാക്ഷാൽ ബുദ്ധഭഗവാൻ തന്നെ.

ഇനി 'ധർമ്മ ശാസ്ത്താവ്' ' എന്ന പേരിന്റെ പൊരുൾ എന്തെന്ന് നോക്കാം. ധർമ്മത്തെ ശാസിക്കുന്നവനായ ശ്രീ ബുദ്ധനെയാണ് ധർമ്മ ശാസ്ത്താവ് എന്ന് വിളിക്കുന്നത്‌. ഹിന്ദു മതത്തിലെ മറ്റു ദൈവങ്ങളെ ഒന്നും ' ധർമ്മ ' എന്ന പദം ചേർത്ത് പറയാറില്ല. ധർമ്മവിഷ്ണുവോ, ധർമ്മശിവനോ, ധർമ്മഗണപതിയൊ ഒന്നും ഇല്ല. ബുദ്ധന്റെ ഉപദേശങ്ങളെ ധർമ്മോപദേശങ്ങളെന്നാണു പറയുന്നത്. ആതുരാലയങ്ങളെ പഴയ മലയാളത്തിൽ ധര്മ്മാസ്പത്രി എന്നാണു പറഞ്ഞിരുന്നത്. പാഠശാലകളും , ആതുരാലയങ്ങളും ബുദ്ധമത സ്വാധീന കാലത്ത് ധാരാളം ഉണ്ടായിരുന്നു. ധർമ്മ പദം - ധമ്മ മാർഗത്തിലൂടെ ഉള്ള യാത്ര - അതായിരുന്നു ബുദ്ധ മാർഗം.  മതം എന്നതിന് മാർഗം എന്നും പറയുമായിരുന്നു. അതുകൊണ്ടാണ് പണ്ട്ഹിന്ദു മതം മാറിയവരെ മാർഗം കൂടിയവർ എന്ന് വിളിച്ചിരുന്നത്‌.

എണ്ണമറ്റ ശരണം വിളികൾ ഉള്ളതിൽ "പള്ളിമല വാസനേയ്...ശരണം അയ്യപ്പോ..... " എന്ന ഒരു ശരണം വിളി ഉണ്ട്.

പള്ളി എന്ന വാക്ക് ബുദ്ധമതവുമായി ബന്ധപ്പെട്ടതാണ്. പാലി ഭാഷയിലെ ഒരു പദം ആണിത്. ബുദ്ധ വിഹാരങ്ങളെയും, മത പാഠശാലകളെയും ആണ് പള്ളി എന്ന് വിളിച്ചിരുന്നത്‌. പില്ക്കാലത്ത് കേരളത്തിൽ വന്ന ക്രിസ്ത്യാനികളും, മുസ്ലീങ്ങളും,യഹൂദരും അവരുടെ ദേവാലയങ്ങളെ മലയാളത്തിൽ പള്ളി എന്ന് തന്നെ വിളിക്കുകയാണ്‌ ഉണ്ടായത്. ലോകത്തൊരിടത്തും ഈ മൂന്ന് മതക്കാരുടെയും ദേവാലയങ്ങൾ ഒരേ പേരിലല്ല അറിയപ്പെടുന്നത്. ക്രിസ്ത്യാനികളുടെ ദേവാലയം church, chapel cathedral, beselica എന്നും, യഹൂദരുടെ synagogue എന്നും, മുസ്ലീങ്ങളുടെ masjid, mosque darga എന്നുമാണ് അറിയപ്പെടുന്നത്. എന്നാൽ കേരളത്തിൽ മൂവരും പള്ളി എന്ന ഒരേ പേര് സ്വീകരിച്ചു.

പള്ളിവേട്ട, പള്ളി ഉണർത്തൽ , പള്ളിയുറക്കം,പള്ളി നീരാട്ട് , പള്ളിക്കൂടം , പള്ളികൊള്ളൂക , പള്ളിക്കെട്ട് തുടങ്ങിയ പദങ്ങൾ ഒന്നും തന്നെ ക്രിസ്ത്യൻ ,മുസ്ലീം, യഹൂദ മതവുമായി ബന്ധം ഉള്ളതല്ല.പള്ളി എന്നതിന്റെ മറ്റൊരു രൂപാന്തരം ആണ് പിള്ളി. ഈ രണ്ടു വാക്കുകളും ബുദ്ധമത സാന്നിധ്യം പേറുന്നവയാണ് . ഇവ ചേർത്ത് വരുന്ന എണ്ണമറ്റ സ്ഥലങ്ങൾ ഭാരതത്തിൽ എമ്പാടും ഉണ്ട്. പള്ളി, പിള്ളി എന്നീ പദങ്ങൾ ചേർത്ത് വരുന്ന എല്ലാ സ്ഥലങ്ങളിലും ക്രിസ്ത്യാനികളുടെടെയും മുസ്ലീങ്ങളുടെയും ഒക്കെ പള്ളികൾ ഉള്ളതിനാൽ പലർക്കും ഇത് വളരെ ഏറെ തെറ്റിദ്ധാരണയ്ക്ക് ഇട വരുത്തിയിട്ടുണ്ട്.

അയ്യപ്പൻറെ ജീവിതവുമായി ബന്ധപ്പെട്ട ഒരു സ്ഥല പേരാണ്പ പന്തളം. 'പദ്മ ദള പുരം' എന്ന പേര് ലോപിച്ചാണ് പന്തളപുരവും , പന്തളവും ആയി മാറിയത്. ഭാരതീയ ആത്മീയതയുമായി ഇഴ പിരിക്കാൻ ആവാത്ത ബനധം ആണ് പദ്മം - താമരയ്ക്കുള്ളത്. ബുദ്ധ മതത്തെ സംബന്ധിച്ചും പദ്മം ഒരു budhist symbol ആയിരുന്നു എന്നതും പ്രത്യേകം ശ്രദ്ധ അർഹിക്കുന്നതാണ്.

മലയ്ക്കു പോകുന്ന ഭക്തർ ഒരുക്കുന്ന കെട്ടിനെ പള്ളിക്കെട്ട് എന്നാണ് പറയുന്നത്. പള്ളിക്കെട്ട് എന്നാൽ ബുദ്ധ കേന്ദ്രമായ പള്ളിയിലേക്കുള്ള കേട്ട് എന്നർത്ഥം. ഹിന്ദുക്കൾ ആരും അവരുടെ ദേവാലയങ്ങളെ പള്ളി എന്ന് വിളിക്കാറില്ല. ശബരി മലക്ക് സമീപം ഉള്ള മുസ്ലീം പള്ളിയിലെ മൂർത്തിയെയും അല്ല ഇങ്ങനെ വിളിക്കുന്നത്‌. പള്ളിമല വാസനായ അയ്യപ്പൻ ബുദ്ധൻ തന്നെ ആണ്.

മലക്ക് പോകുന്നവർ ശരണം വിളിച്ചാണ് പോകുന്നത്. ശരണം എന്ന വാക്കും ബുദ്ധ മതതിന്റെതാണ്. ബുദ്ധ മാർഗത്തെ ശരണ മാർഗം എന്നും വിളിച്ചിരുന്നു. " ബുദ്ധം ശരണം,ധമ്മം ശരണം, സംഘം ശരണം ഗച്ചാമി " എന്നതായിരുന്നു ശരണ മാര്ഗം. ശബരി മലക്ക് പോകുന്നവർ ധമ്മം ആചരിച്ച് ( വ്രത ശുദ്ധി ), സംഘം ചേർന്ന്, ശരണം വിളിച്ചു പോകുന്നത് ഇതുകണ്ടാണ്‌.

ബുദ്ധന്റെ മറ്റൊരു പേരായ കരുമാടി എന്ന പദത്തിനു കരി - ആട , അതായത് കറുത്ത വസ്ത്രം ധരിച്ചവർ എന്നാണു അർഥം. കരുമാടികൾ എന്നത് ബുദ്ധിസ്ടുകളെ വിളിച്ചിരുന്ന പേരായിരുന്നു. ഇന്നും ശബരിമലക്കു പോകുന്നവർ കറുത്ത വസ്ത്രം ധരിക്കുന്നതിന്റെ കാരണം ഇതാണ്. ഹിന്ദു മതത്തിലെ സന്യാസം, തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട നിറം കാവിയാണ്. കേരളത്തിൽ നിലനിന്നിരുന്ന നീചമായ ജാതി വ്യവസ്ഥ മൂലം അവർണ്ണന് കാവി ധരിക്കാനോ സന്യാസി ആവാനോ പറ്റുമായിരുന്നില്ല.

" നമുക്ക് സന്യാസം സ്വീകരിക്കാൻ സാധിച്ചത് ഇംഗ്ലീഷുകാര്‍ ഇവിടെ വന്നത്‌ മൂലമാണ് " എന്ന് നാരായണ ഗുരു പറഞ്ഞതിന്റെ താല്പ്പര്യം ഇതാണ്. എന്നാൽ ഉത്തരേന്ദ്യയിൽ ബുദ്ധനു എണ്ണമറ്റ ബ്രാഹ്മണർ ശിഷ്യരായി ഉണ്ടായിരുന്നത് നിമിത്തവും, അസംഖ്യം ബ്രാഹ്മണർ ബുദ്ധ മത അനുയായികൾ ആയതിനാലും ഉത്തരേന്ദ്യൻ ബുദ്ധിസതിനും , ഇന്ന് വിദേശ രാജ്യങ്ങളിൽ ഉള്ള ബുദ്ധ മത അനുയായികൾക്കും കാവി ആണ് അവരുടെ വേഷം.

സവർണ്ണ ബ്രാഹ്മണ മതത്തിന്റെ തുടർ അധിനിവേശത്തിലൂടെ ബുദ്ധ മതം തകർച്ച നേരിടുകയും തൽസ്ഥാനത്ത് വീണ്ടും സവർണ്ണ ബ്രാഹ്മണർ അവരുടെ ആധിപത്യം പുനസ്ഥാപിക്കുകയുമാണ് ഉണ്ടായത്.

തൽഭലമായി നിരവധി ബുദ്ധ ക്ഷേത്രങ്ങളും, വിഹാരങ്ങളും തകർക്കപ്പെടുകയും , അവ പലതും സവർണ്ണരുടെ ക്ഷേത്രങ്ങൾ ആക്കി മാറ്റുകയും ആണ് ഉണ്ടായത്.

കേരളത്തിൽ ക്ഷേത്ര പ്രവേശന വിളംബരത്തിനു ( 1936 ) ശേഷം മാത്രമാണ് " ഹിന്ദുക്കൾ " എന്ന് അറിയപ്പെടുന്ന ഈഴവർ മുതൽ ആദിവാസി
വരെ മഹാഭൂരിപക്ഷം വരുന്നവർക്ക് ക്ഷേത്രപ്രവേസനം സാധിച്ചത്. അതുവരെ എല്ലാ ക്ഷേത്രങ്ങളും സവർണ്ണരുടെ മാത്രം ആയിരുന്നു.

ചരിത്രത്തെയും സംസ്കാരത്തെയും നശിപ്പിക്കുക, എന്നത് അധിനിവേശ ശക്തികൾ എവിടെയും എക്കാലവും ചെയ്തു വരുന്ന സംഗതിയാണ്. വേണ്ടിവന്നാൽ സന്ധി ചേരാനും അവർ സന്നദ്ധരാവും. ബുദ്ധനെ വടക്കെ ഇന്ത്യയിൽ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ പെടാത്ത അവതാരം എന്ന നിലയില് ചിത്രീകരിച്ചു. കേരളത്തിൽ ചാത്തൻ, കരുമാടി എന്നീ പേരുകൾ ഉള്ള ബുധഭാഗവാനെ ദുർദേവതയാക്കി . അങ്ങനെ ബുദ്ധൻ കൂടോത്രക്കാരുടെയും ദുര്ദമന്ത്ര വാദികളുടേയും ദേവത ആയി മാറി. ചാത്തൻ മുത്തപ്പൻ, വിഷ്ണുമായ ചാത്തൻ തുടങ്ങിയ സങ്കല്പങ്ങൾ അസവർണ്ണ സമുദായങ്ങൾക്കിടയിൽ ഇന്നും നിലനിന്നു വരുന്നു.

 സവർണ്ണര്‍ക്ക് വിരളമായി അയ്യപ്പൻ എന്ന പേര് ഇക്കാലത്ത് ഉണ്ടെങ്കിലും പണ്ടുകാലത്തു ഉണ്ടായിരുന്നില്ല. കേരള സവർണ്ണരിലെ നായരോഴികെ മറ്റു വിഭാഗക്കാർ , പ്രത്യേകിച്ചും ബ്രാഹ്മണർ അയ്യപ്പൻ എന്ന പേര് അവർക്കിടയിൽ ഇടാറില്ല .നിലവിളിക്കുമ്പോൾ " അയ്യോ....." എന്ന് വിളിച്ചു കരയുമ്പോൾ നാം ബുദ്ധഭഗവാനെയാണ് വിളിക്കുന്നത്‌. " അയ്യോ ...എന്ന് വിളിക്കല്ലേ...." നാരായണ എന്ന് വിളിക്ക് എന്ന് പണ്ടുകാലങ്ങളിൽ ബ്രാഹ്മണ സംബന്ധം ഉള്ള നായർ കുടുംബങ്ങളിൽ പറഞ്ഞിരുന്നു.

ശിവ പുരാണത്തിലോ , വിഷ്ണു പുരാണത്തിലോ പരാമർശിച്ചിട്ടില്ലാത്തതും, കേരളത്തിൽ മാത്രം പ്രച്ചരിപ്പിക്കപ്പെട്ടതുമായ ഹരി-ഹര പുത്ര കഥയിലൂടെ ചരിത്രത്തെ തമസ്കരിക്കുകയും സവർണ്ണവൽക്കരിക്കുകയും ചെയ്യപ്പെട്ട ശ്രീ ബുദ്ധനാണ് ശബരിമല അയ്യപ്പൻ..

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം