ആർത്തവാശുദ്ധി....!

ആർത്തവം അശുദ്ധിയെന്ന ചർച്ചയിലേക്ക് ചില പോയിന്റുകൾ ചേർക്കുന്നു:

ആർത്തവം ആശുദ്ധിയാണെന്ന ഹസ്സന്റെ പ്രസ്താവന അദ്ദേഹത്തിന്റെയല്ല, അദ്ദേഹത്തിൻറെ മതത്തിന്റെയാണ്.   അദ്ദേഹത്തിന്റെ മതം ഇസ്‌ലാമാണ്.  എന്നാൽ ഈ സങ്കൽപം ഇസ്‌ലാമിന്റെ സ്വന്തമല്ല, അത് ചില പൂർവമതങ്ങളിൽ നിന്നും ഇസ്‌ലാം സ്വീകരിച്ചതാണ്.

ആർത്തവമെന്നാൽ അശുദ്ധി എന്നുള്ള സങ്കൽപ്പങ്ങൾ ചില മതങ്ങളിലുണ്ട്.  പ്രധാനമായും ഇത് ആര്യമതത്തിന്റെ സംഭാവനയാണ്.  ആര്യമതം എന്നുദ്ദേശിച്ചത് ഇറാനിലെ പ്രധാനമതമായിരുന്ന പാഴ്‌സി മതത്തെയാണ്.  പാഴ്‌സിയിൽ നിന്നാണ്, ബ്രാഹ്മണമതം, യഹൂദമതം-ഇതിൽ നിന്നുണ്ടായ ക്രിസ്ത്യൻ ഇസ്‌ലാം മതങ്ങൾ, യസീദി തുടങ്ങിയ വിവിധ മതങ്ങൾ ഉണ്ടായത്.  ബ്രാഹ്മണമതത്തിലൂടെ ആർത്താവാശുദ്ധി ഹിന്ദു ഏറ്റെടുത്തു.

ഏതാണ്ട് ആറായിരം വർഷങ്ങൾ മുൻപാണ് ആചാര്യ സരതുഷ്ട്രൻ പാഴ്‌സി മതാചരണങ്ങളെ ചിട്ടപ്പെടുത്തുന്നതും പല നിയമങ്ങളും ഉരുവപ്പെടുത്തുന്നതും, അന്നും അതിനു മുൻപും ആ മതത്തിൽ നിലവിലുണ്ടായിരുന്ന വിലക്കുകളിൽ പലതും അതിൽനിന്നുമുണ്ടായ പല മതങ്ങളും ഏറ്റെടുത്തു.  ബ്രാഹ്മണമതം ചാതുർവർണ്യവും ദ്വിജത്വവും പാഴ്‌സിയിൽ നിന്നും ഏറ്റെടുത്തതാണ്.  പാഴ്‌സിയിൽ നിന്നും യഹൂദ മതം വേർപിരിഞ്ഞപ്പോൾ അവരും അവയിൽ പലതും ഉപേക്ഷിച്ചില്ല.  ലേവ്യപുസ്തകത്തിൽ പറയുന്ന അശുദ്ധികൾ എല്ലാം തന്നെ പാഴ്സികളും ബ്രാഹ്മണരും അനുഷ്ഠിക്കുന്നത് തന്നെയാണ്.  അവയിൽ ഒന്നാണ് ആർത്തവാശുദ്ധിയും.  പാഴ്‌സിയിൽ ആർത്തവക്കാരിയെ 'ബിനമാസി' - നമാസ് വിലക്കപ്പെട്ടവൾ എന്നുള്ള അർത്ഥത്തിൽ സംബോധന ചെയ്യുന്നു.  ആർത്തവകാലത്തിൽ അവൾ ആരാധനകളിൽ നിന്നും മാറിനിൽക്കണമെന്ന പാഴ്‌സിനിയമം ഇന്നും ലോകത്തിലെ പല പ്രമുഖമതങ്ങളും പിന്തുടരുന്നു.

ആർത്തവം സ്ത്രീക്ക് ശാരീരികമായ അവശതകൾ സമ്മാനിക്കുന്നു എങ്കിലും, അശുദ്ധയാക്കി മുദ്രകുത്തുന്നത് പുരുഷാധിപത്യത്തിന്റെ ചിഹ്നമാണ്.  പാഴ്‌സി, യഹൂദ, ബ്രാഹ്മണ, ഇസ്‌ലാം, ക്രൈസ്തവ മതങ്ങൾ എല്ലാംതന്നെ പുരുഷാധിപത്യമതങ്ങളാണ്.  ആദിപൗരാണികതയിൽ സ്ത്രീ പുരുഷനേക്കാൾ ഉയർന്നവളും അധികാരിണിയുമായിരുന്ന ഗോത്രകാലം പിന്നിട്ട്, സാമൂഹിക നിയമങ്ങൾ ഉണ്ടാകാൻ തുടങ്ങിയപ്പോൾ ലൈംഗികതക്കായുള്ള പുരുഷന്റെ മത്സരം സ്ത്രീയെ വിലക്കുന്നതിലും വിവാഹമെന്നത് സ്ത്രീയേക്കാൾ പുരുഷന്റെ ഇച്ഛാനുസൃതമായി നടക്കേണ്ട ഒന്നാണെന്നുമുള്ള വീക്ഷണങ്ങൾ ശക്തി പ്രാപിച്ചപ്പോഴാണ് സ്ത്രീയുടെ അധികാരത്തെയും അവകാശങ്ങളെയും പുരുഷൻ പരിമിതപ്പെടുത്തിയതും അവളെ അടിച്ചമർത്താൻ തുടങ്ങിയതും.  അതിന്റെ ഒരു പ്രധാനപ്പെട്ട വഴിയായി സ്വീകരിച്ചത് മാനസികമായും സ്ത്രീയിൽ അധമബോധം സൃഷ്ടിക്കുക എന്നുള്ളതായിരുന്നു.  അശുദ്ധമാകുന്ന ഒരു വസ്തുവാണ് താൻ എന്നുള്ള അധമബോധം, ദൈവത്തിന്റെ രണ്ടാംകിട ഉൽപ്പന്നം, പുരുഷന് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവൾ, അവന്റെ ശരീരത്തിൽ നിന്നും സൃഷ്ടിക്കപ്പെട്ടതിനാൽ അവനോടു എന്നും വണങ്ങിയും അനുസരിച്ചും നിൽക്കേണ്ടവൾ എന്നുള്ള നിരവധി അധമബോധ്ങ്ങൾ അവളിൽ പകർന്നു നൽകിയതിന്റെ ഭാഗമായിരുന്നു ആർത്തവാശുദ്ധിയും.  സ്വന്തം സ്പർശം കൊണ്ട് പുരുഷനെയും അശുദ്ധപ്പെടുത്തുന്ന മാലിന്യം ആണ് താൻ എന്നുള്ള ചിന്തയാണ് അവളിലേക്ക് ഇതിലൂടെ നട്ടുകൊടുത്തത്.

ബ്രാഹ്മണർ വേദത്തിന്റെ കർമ്മഭാഗത്തിൽ ഉൾപ്പെടുത്തിയ അശുദ്ധികൾ മനുസ്മൃതിയിലൂടെ നിയമങ്ങളായി ഇന്ത്യയിൽ നടപ്പാക്കി (വേദത്തിന്റെ സംക്ഷിപ്തമാണ്‌ സ്മൃതി എന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഇത് ചെയ്തിരിക്കുന്നത്).  ലേവ്യപുസ്തകത്തിലെ നിയമങ്ങളിലൂടെ യഹൂദമതത്തിൽ ജൂതരും, അതിൽനിന്നും, ഒപ്പം പുതിയ നിയമത്തിലെ ഒരു പ്രസ്താവത്തിന്റെ ചുവടുപിടിച്ച് ചില ക്രൈസ്തവസമൂഹങ്ങളും, ബിനമാസിയും യഹൂദനിയമങ്ങളുടെ പാരമ്പര്യവും ഏറ്റെടുത്ത ഇസ്‌ലാമും ആർത്തവാശുദ്ധിയെ പരിപാലിച്ചു.

ഇസ്‌ലാമിൽ ആർത്തവാശുദ്ധി വലിയ പ്രശ്നമായിരുന്നില്ല.  ചില നാടുകളിൽ നിലനിന്ന ചില കൾട്ടുകളിൽനിന്നാകണം അവരിൽ ആ അശുദ്ധിയുടെ സ്വീകരണം ഉണ്ടായത്.  ഇസ്‌ലാം പേർഷ്യയെ കീഴടക്കി എങ്കിലും അന്നത്തെ ഐശ്വര്യപൂർണവും വിദ്യാസമ്പന്നവുമായിരുന്ന പേർഷ്യ സാംസ്കാരികമായി അറേബ്യയെയായിരുന്നു കീഴടക്കിയത്.  പേർഷ്യൻ ഭാഷയിലെ നിരവധി പദങ്ങളും പേരുകളും ശാസ്ത്രകൽപനകളും പഠനങ്ങളും പേർഷ്യൻ സംസ്കാരത്തിനൊപ്പം ഇസ്‌ലാമിൽ എത്തിയ ഒപ്പം 'ബിനമാസി' ഇസ്‌ലാമിനെ സ്വാധീനിച്ചിരിക്കണം.  ക്രൈസ്തവരിൽ പല കത്തോലിക്കാ സമൂഹങ്ങളും സുവിശേഷസമൂഹങ്ങളും ആർത്തവാശുദ്ധിയെ അംഗീകരിക്കുന്നവരല്ല. എന്നാൽ ക്രൈസ്തവസമൂഹത്തിലെ നിരവധി ശാഖകൾ, പ്രത്യേകിച്ചും ഭാരതത്തിൽ, ആർത്തവം അശുദ്ധിയായി കാണുന്നു.  അത് ലേവ്യപുസ്തകത്തിലെ പരാമർശവും ഹിന്ദുക്കളിൽനിന്നും കടംകൊണ്ട രീതിയും ആയി വന്നതായിരിക്കാം.

എന്നാൽ ഹിന്ദുമതത്തിന്റെയും ഇസ്‌ലാമിന്റെയും മിശ്രണമായ ശിഖമതം (സിഖ്) സ്ത്രീയെ ഒരുതരത്തിലും അശുദ്ധ എന്ന് അംഗീകരിച്ചില്ല.  സ്ത്രീയ്ക്ക് പുരുഷനുള്ള അത്രയും ശക്തമായ തുല്യതയാണ് സിഖ് മതം കൽപ്പിച്ചത്.  ആർത്തവ സമയത്ത് അവളെ അശുദ്ധ എന്ന് വിളിക്കുന്നതിനെയോ ആരാധനാകാര്യങ്ങളിൽനിന്നും വിലക്കുന്നതിനെയും സിഖ് മതം എതിർക്കുകയാണ് ചെയ്തത്.  സ്ത്രീ അവളുടെ അച്ഛന്റെയോ ഭർത്താവിന്റെയോ പേരോ സ്ഥാനനാമമോ സ്വന്തം പേരിൽ ചേർക്കുന്നതുപോലും അവളുടെ സ്വത്വത്തിനു വിരുദ്ധമാണെന്ന് വാദിക്കുന്ന സിഖ് മതം, ഓരോ സ്ത്രീയും ഒരു രാജകുമാരിയാണ് എന്നുള്ള അർത്ഥത്തിൽ അവളുടെ പേരിനൊപ്പം  'കൗർ' എന്ന് ചേർക്കുന്നതിനെയാണ് താൽപര്യപ്പെടുന്നത്.

ആർത്തവം സ്ത്രീയെ കഷ്ടപ്പെടുത്താതിരിക്കാനും അതിന്റെ ശാരീരിക വൈഷമ്യങ്ങൾ ഉള്ളപ്പോൾ പണികളിൽനിന്നും ഒഴിവാക്കാനും ആണെന്ന് പറയാറുണ്ട്.  പക്ഷേ, ഇതൊരുപരിധിവരെ ഒഴിവുകഴിവു മാത്രമാണ്.  കാരണം, ആർത്തവം അശുദ്ധമായി കാണുന്നത് പുരുഷാധിപത്യ മതങ്ങളിൽ ആണെന്നുള്ളതൊരു വസ്തുതയാണ്.  സ്ത്രീയ്ക്ക് പൗരോഹിത്യം നിരോധിക്കാത്ത, സ്ത്രീയെ അകറ്റി നിർത്താത്ത താന്ത്രികമതങ്ങളിൽ ആർത്തവാശുദ്ധി പ്രശ്നമല്ല.  ബുദ്ധമതം ഉദാഹരണമാണ്.  ഇന്ത്യൻ ബുദ്ധമതത്തിൽ ബ്രാഹ്മണികമായ ചേർക്കലുകൾ ഇക്കാര്യത്തിൽ കുഴപ്പങ്ങൾ ഉണ്ടാക്കിയിരിക്കാം, പക്ഷേ, ഇന്ത്യക്കുവെളിയിൽ ബുദ്ധമതത്തിൽ ഇത്തരം അശുദ്ധി കാണാനില്ല.  തേരവാദബുദ്ധമതം സ്ത്രീശരീരത്തിന്റെ സ്വാഭാവികത മാത്രമായി ആർത്തവത്തെ നിരീക്ഷിക്കുകയും അതിൽ അശുദ്ധി കാണേണ്ട കാര്യമില്ല എന്ന് പറയുകയും ചെയ്യുന്നു.  പക്ഷേ, ഇക്കാര്യത്തിൽ ജാപ്പനീസ് ബുദ്ധമതം നേരെ തിരിച്ചാണ്. അവർ ആർത്തവക്കാരികളെ അകറ്റിനിർത്തുന്നു.

ശുദ്ധമായ താന്ത്രികമതം ആർത്തവത്തെ അശുദ്ധിയായി കാണുന്നില്ല.  താന്ത്രിക രീതികളിൽ പോകുന്ന സന്യാസിമഠങ്ങളിൽ ആർത്തവം കാര്യമാക്കാതെ സ്ത്രീകൾ തന്നെ പൂജകൾ ചെയ്യുന്നുമുണ്ട്.  ഭാരതത്തിൽ ആദിയിൽ നിലനിന്നിരുന്ന സമൂഹങ്ങളിൽ സ്ത്രീക്ക് മേധാവിത്വവും പൗരോഹിത്യവും സ്ത്രീയിൽക്കൂടി സ്വത്തുക്കൾ കൈമാറ്റം ചെയ്യപ്പെടുന്ന മരുമക്കത്തായവും ദൈവം പെണ്ണാണ് എന്ന് കൽപ്പിക്കുന്ന അമ്മദൈവത്തിന്റെ ആരാധനയും നിലനിന്നിരുന്നു.  ഇവയെ ഇറാനിൽനിന്നും ബ്രാഹ്മണരായി പരിണമിച്ച് ഭാരതത്തിൽ കുടിയേറിയ ദേവമതക്കാരായി മാറിയ അസുരമതക്കാർ ഹൈജാക്ക് ചെയ്തതിന്റെ ഫലമാണ് താന്ത്രികമായ പാരമ്പര്യം ഉണ്ടായിട്ടുംകൂടി ഹിന്ദുസമൂഹത്തിൽ ഇന്ന് ഏതാണ്ട് മുഴുവനായുംതന്നെ ആർത്തവാശുദ്ധിയിൽ വിശ്വസിക്കുന്നവരായി മാറിയത്.  ഹിന്ദുമതത്തിൽ ശുദ്ധ താന്ത്രികം നഷ്ടപ്പെടുകയും ബ്രാഹ്മണർ കൊണ്ടുവന്ന വൈദികപാരമ്പര്യം സമ്മിശ്രണം ചെയ്ത് വൈദിക-തന്ത്രികം ഉണ്ടാകുകയും ചെയ്തു.  വൈദികതാന്ത്രികപ്രകാരമാണ് കേരളത്തിലെ അമ്പലങ്ങളിൽ ആരാധനാനിയമങ്ങൾ. അമ്പലങ്ങളിൽ ആർത്തവാശുദ്ധി വരുന്നത് ഇങ്ങനെയാണ്.

അസം പോലുളള ഇടങ്ങളിൽ സ്ത്രീയെ ആരാധിക്കുന്ന ശാക്തേയമതം ഭൂമിയുടെ ആർത്തവകാലഘട്ടം എന്ന സങ്കല്പം എല്ലാ വർഷവും ഉത്സവമായി ആഘോഷിക്കുന്നു. മൂന്നു ദിവസം അമ്പലം അടച്ചിടും എങ്കിൽപ്പോലും ഇത്, ബ്രാഹ്മണികമായ അശുദ്ധി എന്നതിൽനിന്നും വിഭിന്നമായി ഊർവരതാചരണങ്ങളുടെ ആഘോഷമാണ്.  ശാക്തേയരീതിയിൽ സൂര്യനും മണ്ണും എല്ലാം പെണ്ണാണ്.  അവിടെ ആർത്തവം ഉത്‌സവമാണ്.  ഉർവ്വരയായ ഭൂമിയുടെ ആർത്തവം എന്ന സങ്കൽപം പൗരാണികമായ പല കർഷക സമൂഹങ്ങളും ഇന്ത്യയിൽ പുലർത്തിപ്പോന്നിരുന്നു.  അവിടെ ആർത്തവക്കാരിയായ സ്ത്രീ ആ ദിനങ്ങളിൽ വിശ്രമം എടുക്കുംപോലെ ഭൂമിക്ക് വിശ്രമം നൽകുക എന്ന സങ്കൽപ്പത്തിൽ കാർഷികവൃത്തികൾ നിർത്തിവയ്ക്കും.  ഒഡിഷയിലെ  ആദിവാസി സമൂഹങ്ങൾ ഇന്നും ഈ  രീതികൾ പിന്തുടരുന്നു.  ശാക്തേയത്തിനു സമാനമായ പേഗൻ മതങ്ങളും ഉർവ്വരതയെ ആഘോഷമാക്കുന്നവരും ഇത്തരം സങ്കല്പങ്ങൾ ആചരിക്കുന്നത് കാണാനാകും.

ചുരുക്കത്തിൽ, ലോകത്തിലെ വിവിധ സമൂഹങ്ങളിൽ ആർത്തവം അശുദ്ധിയായും അശുദ്ധിയല്ലാതെയും ആചരിക്കപ്പെടുകയോ ആഘോഷിക്കപ്പെടുകയോ ചെയ്യുന്നുണ്ട്.  എങ്കിലും പ്രാമാണികമായി പറയാനാകുന്നത്, അത്തരം സമൂഹങ്ങൾ പുരുഷാധിപത്യപ്രധാനമോ അല്ലയോ എന്നുള്ളതിനെ അനുസരിച്ചായിരിക്കും ഈ കാഴ്ചപ്പാടിന്റെ വ്യത്യാസങ്ങൾ എന്നുള്ളതാണ്.  അതായത് ഇത് വിശ്വാസപരമാണെങ്കിലും ലിംഗസമത്വത്തിന്റെ വിഷയമാണ്.  ലിംഗസമത്വമില്ലായ്ക കടന്നുകയറ്റം വിശ്വാസത്തിലേക്ക് നടന്നതിനാലാണ് ആർത്തവം അശുദ്ധിയായത്.  

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം