ചില കൃഷി നാട്ടറിവുകള്‍

...ചില കൃഷി നാട്ടറിവുകള്‍                                                                                                    
§   പറമ്പില്‍ ഉറുമ്പു ശല്യം കൂടുതലായി കണ്ടാല്‍ കല്ലുപ്പ് ഇട്ട് അവയെ അകറ്റാം. പൊടിയുപ്പ് ഉപയോഗിച്ചാലും ഇതേ പ്രയോജനം കിട്ടും. ഉറുമ്പുള്ള തെങ്ങിന്റെയും വാഴയുടേയും ചുവട്ടിലും ഉറുമ്പിന്‍ കൂട്ടിലും ഉപ്പ് വിതറുക.
§   ഫല വര്‍ഗ്ഗങ്ങളുടെ വിളവു കൂട്ടാന്‍ സാധാരണ വളങ്ങള്‍ക്കു പുറമെ മത്സ്യാവശിഷടങ്ങളും മത്സ്യം കഴുകിയ വെള്ളവും ചുവട്ടില്‍ നിന്നും ഒന്നരയടി മാറ്റി കുഴി കുത്തി അതൊലൊഴിച്ചു മൂടുക.
§   ചേന നടുമ്പോള്‍ ചുവടൊന്നിന് 150 ഗ്രാം എല്ലുപൊടി കൂടി ചേര്‍ത്താല്‍ ചേന നന്നായി വേകും.
§   ചേന, ചേമ്പ് എന്നിവ നടുമ്പോള്‍ അവയ്ക്കു ചുറ്റും വേലിപോലെ മഞ്ഞള്‍ നട്ടാല്‍ എലിയുടെ ഉപദ്രവം കുറയും.
§   വെറ്റിലക്കൊടിയുടെ ചുവട്ടില്‍ തുളസിയില വളമായി ഇട്ടാല്‍ വെറ്റിലയ്ക്ക് തുളസിയുടെ ഗന്ധം ലഭിക്കും.
§   തേനിച്ചപ്പെട്ടി വച്ചിരിക്കുന്ന കാലിന്മേല്‍ ഗ്രീസ് പുരട്ടിയാല്‍ ഉറുമ്പിന്റെ ശല്യം ഉണ്ടാകുകയില്ല.
§   പറമ്പില്‍ മൂന്നാലു മുരിങ്ങ നട്ടുവളര്‍ത്തുക. പാമ്പുശല്യം കുറവായിരിക്കും.
§   ഉപ്പുമാങ്ങയില്‍ പുഴുക്കള്‍ ഉണ്ടാകാതിരിക്കാന്‍ ഭരണിയില്‍ രണ്ടു കശുവണ്ടിയുടെ തോടുകൂടി ഇടുക.
§   കായ്ക്കാത്ത വൃക്ഷങ്ങള്‍ കായ്ക്കാന്‍ അവയില്‍ രണ്ടു മൂന്നു ഇരുമ്പാണികള്‍ ആഴത്തില്‍ അടിച്ചുകയറ്റുക
§   തവള ഒരു കര്‍ഷകമിത്രമാണ്. കാരണം തവള പ്രതിദിനം ഏതാണ്ട് അതിന്റെ ശരീര ഭാരത്തിന് തുല്യം തൂക്കം വരുന്ന കീടങ്ങളെ തിന്നൊടുക്കുന്നു.
§   മുരിക്കിന്റെ വേരിലെ നിമാവിരകള്‍ മുരിക്കില്‍ പടര്‍ത്തുന്ന കുരുമുളകിന്റെ വാട്ട രോഗത്തിന് കാരണമാകുന്നു.
§   ഒരു തേനീച്ചയ്ക്ക് ഒരു വട്ടം മാത്രമേ കുത്താന്‍ കഴിയൂ.
§   ചെടികളില്‍ തളിര്‍പ്പ് ഇല്ലാത്ത കാലത്താണ് ലെയറിങ് നടത്തേണ്ടത്.
§   മുട്ടയിടുന്ന കാടകളുടെ തൂവല്‍ കൂടുതലായി പൊഴിയാറുണ്ട്. അത് ഒഴിവാക്കാന്‍ ഓസ്‌റ്റോ കാല്‍സ്യം സിറപ്പ് പതിവായി കൊടുത്താല്‍ മതിയാകും.
§   കരിയില, ഉണങ്ങിയ പുല്ല്, ചപ്പുചവറുകള്‍, കടലാസു കഷണങ്ങള്‍, തുണി കഷണങ്ങള്‍, തടി കഷണങ്ങള്‍, ചാക്കു കഷണങ്ങള്‍, ഉമി, തവിട്, പതിര്, വൈക്കോല്‍, കുളത്തിലെ പായല്‍, ജല സസ്യങ്ങള്‍, പച്ചിലകള്‍, തീപ്പട്ടിക്കമ്പനിയിലെ അവശിഷ്ടങ്ങള്‍, ചകിരിച്ചോറ്, തൊണ്ട്, ഓലമടല്‍, പച്ചക്കറി മാര്‍ക്കറ്റിലെ അവശിഷ്ടങ്ങള്‍ തുടങ്ങി മണ്ണില്‍ ദ്രവിച്ചു ചേരുന്നതെന്തും പുതയിടാനുപയോഗിക്കാം.
§   വഴുതിന കിളിര്‍ത്തതിനു ശേഷം ആഴ്ചയിലൊരു ദിവസം എന്ന കണക്കില്‍ ഏഴാഴ്ച തുടര്‍ച്ചയായി ചാണകം വച്ചാല്‍ എട്ടാം ആഴ്ച കായ് പറിക്കാം.
§   തക്കാളിയുടെ വാട്ട രോഗം തടയാന്‍ വഴുതിനയുടെ തണ്ടിന്മേല്‍ ഗ്രാഫ്റ്റിങ് നടത്തിയാല്‍ മതിയാകും.
§   പാവല്‍, പടവലം എന്നിവയുടെ പൂ കൊഴിച്ചില്‍ തടയാന്‍ 25 ഗ്രാം കായം പൊടിച്ചു ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു തളിക്കുക.
§   പയര്‍ കൃഷിയില്‍ എരി പന്തല്‍ വലിക്കുന്നതാണ് ആദായകരവും കൂടുതല്‍ വിളവു നല്‍കുന്നതും.
§   നിര എടുത്തു തടം ശരിയാക്കി, സൂര്യന് അഭിമുഖമായി കൃഷി ചെയ്യുന്നത് നന്നായിരിക്കും. ഇങ്ങനെ ചെയ്താല്‍ വിളവ് കൂടിയിരിക്കും.

§   അമരത്തടത്തില്‍ പഴയ കഞ്ഞിവെള്ളം നിറച്ചു നിര്‍ത്തിയാല്‍ നന്നായി പൂക്കുന്നതിനും കായ്ക്കുന്നതിനും സഹായിക്കും......................................               §   പയര്‍ നട്ട് 35 ദിവസം പ്രായമാകുമ്പോള്‍ അടുപ്പു ചാരം 100 ചുവടിന് 25 കിലോഗ്രാം എന്ന തോതില്‍ ചുവട്ടില്‍ വിതറിയാല്‍ പൂ പൊഴിച്ചില്‍ നിയന്ത്രിക്കാം.
§   പയറിന് 30 ദിവസം കൂടുമ്പോള്‍ കുമ്മായം ഇട്ടുകൊടുത്താല്‍ കരിമ്പിന്‍കേട് കുറയും.
§   ചീരയ്ക്കു ചാരം അധികം ഉപയോഗിക്കരുത്. ഉപയോഗിച്ചാല്‍ പെട്ടെന്നു കതിരുവന്ന് നശിച്ചുപോകും.
§   വാഴത്തടത്തിന് ചുറ്റും ചീര നട്ടാല്‍ നല്ല വലിപ്പമുള്ള ചീരത്തണ്ടുകള്‍ കിട്ടും.
§   ചീരയ്ക്ക് ആട്ടിന്‍ കാഷ്ഠവും കുമ്മായവും ചേര്‍ത്തു പൊടിച്ചു ചുവട്ടിലിട്ടാല്‍ ഏറ്റവും നല്ലതാണ്.
§   പശുവിന്റെ ചാണകം വെള്ളത്തില്‍ കലക്കി അരിച്ച് ആഴ്ചയില്‍ ഒന്നു വീതം തളിക്കുന്നതിലൂടെ കോവലിലെ മുരടിപ്പിനെ നിയന്ത്രിക്കാം.
§   തവിട്ടു നിറമുള്ള എട്ടുകാലികള്‍ കോവലിലെ പച്ചപ്പുഴുവിന്റെ ശത്രുപ്രാണിയാണ്. അവയെ നിലനിര്‍ത്തുക.
§   കോവല്‍ തടത്തില്‍ ഉമി കരിച്ചിടുന്നതിലൂടെ കായ് ഫലം വിര്‍ധിപ്പിക്കാന്‍ സാധിക്കും.
§   പച്ചമുളകിന്റെ കടയ്ക്കല്‍ ശീമക്കൊന്നയിലയും ചാണകവും ചേര്‍ത്തു പുതയിടുന്ന പക്ഷം വിളവ് കൂടും. കീടബാധകളില്‍ നിന്നു സംരക്ഷണവും ആകും.
§   മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്.
§   മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ്റ് കഴുകിയ വെള്ളം തളിക്കണം.
§   കുമ്പളം പതിനെട്ടില വിടര്‍ന്നുകഴിഞ്ഞാല്‍ ആഗ്രഭാഗം നുള്ളിക്കളയണം. വിളവ് ഗണ്യമായി കൂടും.
§   ചേന വിളവെടുക്കേണ്ട സമയത്തിന് ഒരു മാസം മുന്‍പ് തണ്ട് ചവിട്ടി ഒടിച്ചു കളഞ്ഞാല്‍ 15-20 ദിവസം മുന്‍പ് തന്നെ വിളവെടുക്കാന്‍ കഴിയും.
§   ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.
§   ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂടുതല്‍ വണ്ണിക്കുന്നതാണ്.
§   മണ്ണ് നന്നായി നനച്ച ശേഷം വിളവെടുത്താല്‍ മധുരക്കിഴങ്ങ് മുറിഞ്ഞു പോകുന്നത് ഒഴിവാക്കാം.
§   പയറും കടുകും ഇടകലര്‍ത്തി വിതയക്കുക. പയര്‍ വളര്‍ന്നു കൊള്ളട്ടേ.. കടുകു മുളച്ചു കഴിഞ്ഞ് വളര്‍ച്ച തുടങ്ങുമ്പോള്‍ പിഴതു മാറ്റുക. പച്ചത്തുള്ളന്റെ ഉപദ്രവം ഗണ്യമായി കുറയും
§   മുളകിന്റെ എരിവ് കൂടുന്നതിനനുസരിച്ച് അതിന്റെ ഔഷധ ഗുണവും വര്‍ധിക്കുന്നു. മുളക് കഴിച്ച് അധികം എരിവ് അനുഭവപ്പെട്ടാല്‍ പുളി കഴിക്കുക, മധുരം കഴിക്കരുത്. മുളകിന്റെ എരിവ് വിത്തിലല്ല. തൊലിയിലാണ്. അതിനാല്‍ തൊലി ശ്രദ്ധയോടെ ഉപയോഗിക്കുക.
§   ചേനയുടെ കിഴങ്ങ് കൂടാതെ ഇലയും തണ്ടും ഭക്ഷ്യയോഗ്യമാണ്. അവ ചെറുതായി അരിഞ്ഞ് എണ്ണയില്‍ വറുത്ത് ഉപ്പേരിയാക്കാം.
§   കായീച്ചയെ കുടുക്കാന്‍ തുളസിയിലയും പ്ലാസ്റ്റിക് കിറ്റും ഉപയോഗിക്കാം. ഒരു ഭാഗം തുറന്ന പ്ലാസ്റ്റിക് കിറ്റില്‍ ഒരു പിടി തുളസിയില ഇടുക. തുറന്ന ഭാഗം മുകളിലേക്കു വരത്തക്കവണ്ണം പച്ചക്കറി തോട്ടത്തില്‍ പ്ലാസ്റ്റിക് കിറ്റ് വയ്ക്കുക. കായീച്ച പറന്നെത്തി തുളസിയിലയെ പൊതിയും. ഈച്ചയുടെ വരവ് നിന്നാല്‍ പ്ലാസ്റ്റിക് കിറ്റിന്റെ തുറന്ന ഭാഗം അടച്ച് അവയെ നശിപ്പിക്കാം.
§   അമരപ്പയറില്‍ ചാഴി ശല്യം ഒഴിവാക്കാന്‍ പുകയില കഷായം തളിച്ചാല്‍ മതിയാകും.
§   കരിക്കിന്‍ വെള്ളവും പശുവിന്‍ പാലും കലര്‍ത്തി 60,75, 90 ദിവസങ്ങളില്‍ മുളകു ചെടിയില്‍ തളിക്കുക. പൂവും കായും പൊഴിയുന്നത് തടയാം.
§   രോഹിണി ഞാറ്റുവേലയില്‍ പയര്‍ നട്ടാല്‍ നല്ല വിളവു ലഭിക്കുമെന്നു അനുഭവം.
§   മൂന്നാം വിളയായി പാടങ്ങളില്‍ പയര്‍ കൃഷി ചെയ്യുമ്പോള്‍ പുഴു ശല്യം വലിയ പ്രശ്‌നമാണ്. അതിനു പരിഹാരമായി ആടലോടകം, പൊങ്ങ് എന്നിവയുടെ ഇലകള്‍ അഞ്ചി കിലോഗ്രാം വീതം കല്ലില്‍ ചതച്ച് സത്തെടുക്കുക. ഈ സത്ത് പത്ത് ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് അരിച്ചെടുക്കുക. ലായിനി ഒന്നു മുതല്‍ അഞ്ചു ലിറ്റര്‍ വരെയെടുത്ത് കൂടുതല്‍ വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ച് പയറിനു തളിക്കുക. പുഴു ശല്യം ഒഴിവാക്കാം.
§   വെള്ളരി നട്ട് നാലഞ്ചില പരുവത്തില്‍ ചെടിക്കു ചുറ്റുപാടുമുള്ള മണ്ണ് ഇളക്കി രണ്ടു ദിവസം നനയ്ക്കാതിരുന്നാല്‍ ചെടിക്കുചെറിയ വാട്ടം തട്ടി പില്‍്കാലത്ത് കൂടുതല്‍ പൂക്കളുണ്ടാകുന്നിന് ഇടവരും.
§   കത്തിരി ചെടിയില്‍ തക്കാളിച്ചെടിയുടെ ശിഖരങ്ങള്‍ ഒട്ടിച്ചെടുക്കാം. അങ്ങനെയുള്ള ചെടികള്‍ക്കു വാട്ടം ബാധിക്കില്ല.

§   കൂണ്‍ മുറിച്ച് കഷണത്തില്‍ മഞ്ഞള്‍ പുരട്ടിയാല്‍ നീല നിറം ആകുക, വെള്ളിക്കരണ്ടി കൂണ്‍ കറിയില്‍ മുക്കിയാല്‍ കറുത്ത നിറമാകുക എന്നീ ലക്ഷണങ്ങള്‍ കൂണില്‍ വിഷമുള്ളതിന്റേതാണ്[ അവലംബം ..ജൈവ കൃഷി]

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം