ജാതി കൃഷി

ജാതിക്കൃഷി മണ്ണും പെണ്ണും അറിഞ്ഞ്

സുഗന്ധവിളകളുടെ നാടായ കേരളത്തിലും ഭാരതത്തിന്റെ ഇതര ദേശങ്ങളിലും വളരെ പണ്ടുമുതല്‍ തന്നെ ജാതിക്കൃഷി നിലനിന്നിരുന്നു. സുഗന്ധി ത്രിഫല എന്ന് സംസ്‌കൃതത്തില്‍ വ്യവഹരിച്ചിരിക്കുന്ന ജാതിയുടെ ഗുണങ്ങള്‍ ഏറെ പ്രശംസനീയമാണ്. പ്രാചീന വൈദ്യശാസ്ത്രരംഗത്തും ജാതിച്ചെടിയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിച്ചുള്ള ഔഷധനിര്‍മ്മാണങ്ങള്‍ പോലും നിലനിന്നിരുന്നു.

 അടുത്തകാലത്ത് ജാതിക്കൃഷിയില്‍ കര്‍ഷകരുടെ സവിശേഷ താല്പര്യവും ശ്രദ്ധയും കൂടിവരുന്നുണ്ട്. ഏറെ കൃത്യതയോടും യുക്തിയോടും ചെയ്യേണ്ട കൃഷിയാണ് ജാതിവളര്‍ത്തല്‍. ജാതിച്ചെടിയുടെ സസ്യശാസ്ത്രസവിശേഷതകളിലും പ്രജനന രീതികളിലും ഉള്ള അറിവില്ലായ്മ, വളപ്രയോഗത്തിലെ ശാസ്ത്രീയ രീതികളെക്കുറിച്ചുള്ള ധാരണപ്പിശക് എന്നിവയൊക്കെ  നമ്മുടെ നാട്ടിലെ ജാതിക്കൃഷിയുടെ പരിമിതികളാകുന്നു. പലപ്പോഴും  6-7 വര്‍ഷം കഴിഞ്ഞ് പൂവിടുമ്പോള്‍ മാത്രമാണ് ആണ്‍, പെണ്‍ വ്യത്യാസം  കര്‍ഷകര്‍ക്ക് മനസിലാക്കാന്‍ കഴിയുന്നത്. ആണ്‍ ചെടികളെ സാധാരണയായി വെട്ടിക്കളയുന്ന പ്രവണതയാണ് കണ്ടുവരുന്നത്. എന്നാല്‍ ടോപ്പ് വര്‍ക്കിംഗും ബഡ്ഡിങും മറ്റും നടത്തി ലിംഗമാറ്റത്തിലൂടെ 5-6 വര്‍ഷത്തെ കായിക വളര്‍ച്ച കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുത്താം. അതുപോലെ തന്നെ നല്ല വിളവ് തരുന്ന ചെടികളില്‍ മൂപ്പെത്താതെ കായ്‌പൊട്ടി വീഴല്‍, പൂവിടാന്‍ വൈകുക തുടങ്ങിയ പല പ്രശ്‌നങ്ങളും കണ്ടുവരുന്നു. മണ്ണറിഞ്ഞുള്ള ശാസ്ത്രീയ വളപ്രയോഗത്തിലൂടെ ഇതും പൂര്‍ണ്ണമായി പരിഹരിക്കാന്‍ കഴിയും. പാക്യജനകവും ഭാവകവും ക്ഷാരവും കൃത്യമായ അളവില്‍ ലഭിച്ചാല്‍ മാത്രമേ കായിക വളര്‍ച്ചയും കായ്ഫലവും ലഭിക്കുകയുള്ളൂ. ക്ഷാര പ്രയോഗത്തില്‍ കര്‍ഷകര്‍ വിമുഖത കാട്ടുന്നത് പൊട്ടാസ്യത്തിന്റെ അഭാവം മൂലമുള്ള കായ് കൊഴിച്ചിലിനും പൂവിടീല്‍ കുറയുവാനും കാരണമാകുന്നു. അതുകൊണ്ടാണ് മണ്ണിന്റെ പ്രത്യേകതകളും ചെടിയുടെ വളര്‍ച്ചരീതികളും പഠിച്ച് കൃഷിയിറക്കിയാല്‍ ഏറെ ഗുണകരമാകും എന്നു പറയുന്നത്. കര്‍ഷകന്‍ മണ്ണും പെണ്ണും അറിഞ്ഞ് വേണം ജാതി കൃഷി ചെയ്യേണ്ടത്.

 വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 16,400 ഹെക്ടര്‍ സ്ഥലത്ത് ജാതി കൃഷി ചെയ്യുന്നുണ്ട്. ഇതില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത് കേരളം, തമിഴ്‌നാട്, കര്‍ണ്ണാടകം, മഹാരാഷ്ട്ര, ഗോവ, ആന്‍ഡമാന്‍ ദ്വീപുകള്‍ എന്നിവയാണ്. കേരളത്തിലെ പത്തനംതിട്ട ജില്ലമുതല്‍ കോട്ടയം, തൃശൂര്‍ ഉള്‍പ്പെടെ വടക്ക് പാലക്കാട്, മലപ്പുറം ജില്ലകളില്‍ വരെ ജാതി ക്കൃഷി വ്യാപിച്ചുകിടക്കുന്നു. തീരപ്രദേശങ്ങളില്‍ ഇതിന്റെ കൃഷി കുടുതല്‍ കാണപ്പെടുന്നു.
ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയാണ് ജാതിക്കൃഷി ചെയ്യുവാന്‍ യോജിച്ചത്. നീണ്ട വരള്‍ച്ചയെ ഇതിന് ചെറുക്കാനാവില്ല. ജൈവാംശവും നീര്‍വാര്‍ച്ചയുള്ളതുമായിരിക്കണം മണ്ണ്. ചെമ്മണ്ണും മണല്‍ കലര്‍ന്ന മണ്ണും നല്ലതാണ്. കുറച്ചു തണലുള്ള താഴ്‌വര പ്രദേശങ്ങള്‍, പുഴയോരങ്ങളിലെ എക്കല്‍മണ്ണ് തുടങ്ങിയവയില്‍ ജാതി നന്നായി വളരുന്നു. നന്നായി നനയ്‌ക്കേണ്ടത് ജാതിക്കൃഷിക്ക് ആവശ്യമാണ്. അതുകൊണ്ട് തന്നെ ജലസേചനം ഉള്ള തെങ്ങിന്‍ തോപ്പിലും കവുങ്ങിന്‍ തോപ്പിലും മറ്റും ജാതി നന്നായി വളരുന്നു. നേരിട്ടടിക്കുന്ന വെയിലിനേക്കാള്‍ അരിച്ചിറങ്ങുന്ന സൂര്യപ്രകാശമാണ് ജാതി കൃഷിക്കനുയോജ്യം. അതുകൊണ്ടു തന്നെയാണ് ഇടവിളയായി ജാതി കൃഷി കൂടുതല്‍ തിളങ്ങുന്നതും.
ജാതിയിലെ ലിംഗവ്യത്യാസം സാധാരണയായി വിത്തുവഴിയുള്ള പ്രവര്‍ദ്ധനരീതിയുടെ ഒരു പ്രധാന ന്യൂനതയായി. എടുത്തുപറയാവുന്നതാണ്. വിത്തുമുളച്ചുണ്ടാകുന്ന തൈകള്‍ ആണ്‍ജാതിയോ പെണ്‍ ജാതിയോ ആകാനുള്ള സാധ്യത ഒരുപോലെയാണ് വിത്ത് വഴി നട്ട തൈകള്‍, 6-7 വര്‍ഷം എടുത്ത് പൂവിടുമ്പോള്‍ മാത്രമാണ് ആണോ പെണ്ണോ എന്ന് നിര്‍ണയിക്കാന്‍ സാധിക്കുന്നത്. അതിനാല്‍ കര്‍ഷകര്‍ ഇന്ന് ബഡ്ഡു തൈകളോ ഒട്ടുതൈകളോ നട്ട് ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കാണുന്നു.

വിത്ത് പ്രവര്‍ധനത്തിനായി തെരഞ്ഞെടുക്കുമ്പോള്‍ വിളഞ്ഞു പാകമായ, പുറന്തോട് പൊട്ടിയ കായ്കള്‍ നോക്കി തെരഞ്ഞെടുക്കണം. ശേഖരിക്കുന്ന അന്നുതന്നെ വിത്ത് പാകണം. പാകുവാന്‍ താമസമുണ്ടെങ്കില്‍ വിത്ത് നനവുള്ള മണ്ണ് നിറച്ച കുട്ടകളില്‍ സൂക്ഷിക്കണം.

വിത്ത് പാകി മുളച്ചുവരുന്ന തൈകള്‍ 6-7 വര്‍ഷത്തിനുശേഷം ആണ്‍ ജാതിയാണെന്ന് നിര്‍ണയിച്ചുകഴിഞ്ഞാല്‍ അതില്‍ ടോപ്പ് വര്‍ക്കിംഗ് നടത്തി ലിംഗഭേദം വരുത്താവുന്നതാണ്. ഒന്നോ രണ്ടോ ശാഖകള്‍ ഒഴിച്ച് ബാക്കി എല്ലാം മുറിച്ച് മാറ്റിയ ശേഷം വരുന്ന പുത്തന്‍ശാഖയില്‍ നല്ല വിളവ് തരുന്ന പെണ്‍ജാതിയില്‍ നിന്നെടുത്ത നാമ്പുപയോഗിച്ച് പാച്ച്ബഡ്ഡിംഗോ വശംചേര്‍ത്തൊട്ടിക്കലോ ചെയ്ത് ലിംഗമാറ്റം നടത്തുന്നു. വിളവ് കുറഞ്ഞ മരങ്ങളിലും ഇത്തരത്തില്‍ ടോപ്പ് വര്‍ക്ക് ചെയ്ത് വിളവ് കൂട്ടാവുന്നതാണ്.
അപ്രോച്ച് ഗ്രാഫ്റ്റിംഗ് രീതിയില്‍ കൂടകളില്‍ വളര്‍ത്തിയ നാടനോ കാട്ടുജാതിതൈകളോ പെണ്‍മരത്തിന്റെ നേര്‍ക്കമ്പുകളുടെ അടുത്ത് കൊണ്ടുപോയി കെട്ടിത്തുക്കിയശേഷം കമ്പുകളുടെ വശങ്ങളിലെ തൊലി നീക്കി അവ ചേര്‍ത്തുവച്ച് പോളിത്തീന്‍ നാടകൊണ്ട് വരിഞ്ഞുകെട്ടി ഗ്രാഫ്റ്റ് ഉറപ്പിക്കാം. ഗ്രാഫ്റ്റ് പിടിച്ചു കഴിഞ്ഞാല്‍, പെണ്‍ ഗ്രാഫ്റ്റിനു താഴെ വച്ച് ആദ്യം ഭാഗികമായും പിന്നീട് മുഴുവനായും മുറിച്ചു മാറ്റുക. പുതിയ കിളിര്‍പ്പ് വരുന്നതുവരെ തണല്‍ കൊടുത്ത് ജലസേചനം ചെയ്യുക. പിന്നീട് തോട്ടത്തില്‍ നടാം.

മേല്‍പ്പറഞ്ഞ ഗ്രാഫ്റ്റിംഗ് രീതികള്‍ക്ക് പുറമേ വളരെ വിജയകരമായി ചെയ്യുന്ന ബഡിംഗ് രീതികളാണ് നഴ്‌സറി ബഡിംഗും ഫീല്‍ഡ് ബഡ്ഡിംഗും. നഴ്‌സറി ബഡിംഗിന് കാട്ടുജാതിയിലും നാട്ടുജാതിയിലും ബഡ് ചെയ്ത് നഴ്‌സറിയില്‍ ബഡു തൈകളുണ്ടാക്കുന്നു. ഇതിനായി പോളിത്തീന്‍ കവറുകളില്‍ തായ്‌ച്ചെടി തൈകള്‍ വളര്‍ത്തി അവയില്‍ ഇളം കാമ്പുകളോ മുകുളങ്ങളോ ബഡ് ചെയ്യുമ്പോള്‍ പച്ചബഡിംഗും കുറച്ചുകൂടി മൂപ്പുള്ള കമ്പുകള്‍ എടുത്താല്‍ ബ്രൗണ്‍ ബഡിംഗും ആകുന്നു. മുകുളത്തിന് താഴെ നിന്നും തളിര്‍പ്പുകള്‍ വരാന്‍ അനുവദിക്കുരുത്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ ബഡിംഗ് കൂടുതല്‍ വിജയകരമായി കാണുന്നു. ആണ്‍പെണ്‍ വ്യത്യാസം നിര്‍ണ്ണയിക്കാന്‍ പറ്റുന്നതിനുമുമ്പ് ഏകദേശം 2-3 വര്‍ഷം പ്രായമായ- ലിംഗഭേദമെന്യേ-എല്ലാജാതി തൈകളിലും പാച്ച് ബഡിംഗ് രീതിയില്‍ ബഡ് ചെയ്യുന്നതിനാണ് ഫീല്‍ഡ് ബഡിംഗ് എന്നു പറയുന്നത്.

നടീല്‍
ജാതിക്ക് തണല്‍ ആവശ്യമായതുകൊണ്ട് തനിവിളയായിട്ടാണ് കൃഷി ചെയ്യുവാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ തണല്‍ മരങ്ങള്‍ ഏതെന്ന് തീരുമാനിച്ച് നേരത്തെ തന്നെ വച്ചുപിടിപ്പിക്കണം. തണലിനായി ശീമക്കൊന്ന, മുരുക്ക്, സുബാബുള്‍, വാക തുടങ്ങിയവ നടാവുന്നതാണ്. ആദ്യഘട്ടങ്ങളില്‍ തണലിനായി വാഴക്കൃഷി ചെയ്യാവുന്നതാണ്. തെങ്ങിന്‍ തോപ്പില്‍ ആണ് ഇടവിളയായി നടുന്നതെങ്കില്‍ നാല് തെങ്ങുകള്‍ക്ക് നടുവില്‍ ഒരു ജാതി എന്ന കണക്കില്‍ ഒരേക്കറില്‍ 50 മുതല്‍ 60 വരെ തൈകള്‍ 27-30 അടി അകലത്തില്‍, 3 അടി വ്യാസത്തില്‍ എടുക്കുന്ന കുഴികളില്‍ മേല്‍മണ്ണും പൊടിഞ്ഞ ചാണകവും ചേര്‍ത്ത് നടാവുന്നതാണ.് ബഡ്ഡിംഗും ഗ്രാഫ്റ്റിംഗും ചെയ്ത ചെടികളാണ് നടുന്നതെങ്കില്‍ ഒട്ടിച്ച ഭാഗം മണ്ണിനു മുകളില്‍ വരത്തക്കവിധം വേണം നടാന്‍. കാലവര്‍ഷാരംഭമാണ് നടാന്‍ അനുയോജ്യം. മഴകഴിയുന്നതോടെ തണല്‍ നല്‍കി നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ നിന്ന് തൈകളെ സംരക്ഷിക്കണം. ജലാംശം നിലനിര്‍ത്താനായി നന്നായി പുതയിടുകയും വേണം.

വളപ്രയോഗം
നന്നായി വളം വേണ്ട വിളയാണ് ജാതി. അതിനാല്‍ മണ്ണുപരിശോധിച്ച് നിലവിലുള്ള വളക്കൂറ് നിര്‍ണ്ണയിച്ചതിനുശേഷം അതിനനുസരിച്ച് ജൈവവളങ്ങളും രാസവളങ്ങളും സംയോജിതമായി നല്‍കണം. നല്ല വളക്കൂറുള്ള മണ്ണില്‍ ജൈവവളപ്രയോഗത്തിലൂടെ മാത്രം നല്ല ഉല്പാദനം ലഭിക്കുന്നു. പ്രധാന മൂലകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം ഇവയില്‍ ഏറ്റവും കൂടുതല്‍ വേണ്ട മൂലകം പൊട്ടാസ്യം ആയതുകൊണ്ടു തന്നെ വേണ്ട അളവില്‍ തന്നെ പൊട്ടാസ്യം വളങ്ങള്‍ ചേര്‍ത്തു കൊടുക്കാന്‍ ശ്രദ്ധിക്കണം. (പൊട്ടാസ്യത്തിന്റെ അഭാവത്തില്‍ കായ് പൊഴിച്ചിലുണ്ടാകാം, കായ്പിടുത്തം കുറയാം, അതുമല്ലെങ്കില്‍ പൂവിടല്‍ വൈകാം.)
ഒന്നാം കൊല്ലം ചെടി ഒന്നിന് 10 കിലോ കാലിവളമോ കമ്പോ സ്റ്റോ ചേര്‍ക്കണം. ഇതോടൊപ്പം തന്നെ N : P : K  20 : 18 : 50 ഗ്രാം കിട്ടത്തക്കവിധത്തില്‍ നേര്‍വളങ്ങളായ യൂറിയ 45-50 ഗ്രാം, രാജ്‌ഫോസ് 90-100 ഗ്രാം, പൊട്ടാഷ് 80 ഗ്രാം എന്നിവ ഒരു വര്‍ഷം പ്രായമായ ജാതിക്ക് ചേര്‍ത്ത് കൊടുക്കണം. ഇത് ഓരോവര്‍ഷവും കൂടിക്കൂടി 15 വര്‍ഷം പ്രായമായ ജാതിക്ക് നേര്‍വളങ്ങളായ യൂറിയ 1.1 കി.ഗ്രാം രാജ്‌ഫോസ് 1.25 കി.ഗ്രാം പൊട്ടാഷ് 1.75കി.ഗ്രാം എന്ന തോതില്‍ ചേര്‍ത്തു കൊടുക്കണം. ജൈവവളം 10-15കി.ഗ്രാം കിലോ ഇതോടൊപ്പം ചേര്‍ത്തുകൊടുക്കണം. മേല്‍പ്പറഞ്ഞ രാസവളങ്ങള്‍ രണ്ടു തവണയായിട്ട് പകുതി വീതം കാലവര്‍ഷത്തിന്റെയും തുലാവര്‍ഷത്തിന്റെയും സമയമനുസരിച്ച് മണ്ണിലിട്ടു കൊടുക്കണം. നനയ്ക്കാന്‍ സൗകര്യമുള്ള സാഹചര്യങ്ങളില്‍ കൂടുതല്‍ തവണകളിലായി വളം നല്‍കുന്നത് വിളവ് കൂട്ടാന്‍ സഹായിക്കും.

ജാതിക്കൃഷിക്ക് ജൈവവളമോ രാസവളമോ അവ സംയോജിപ്പിച്ചോ, ഇവയുടെ ലഭ്യതയനുസരിച്ച് ചേര്‍ത്ത് കൊടുക്കാവുന്നതാണ്. വേപ്പിന്‍ പിണ്ണാക്ക്, ചാണകപ്പൊടി, ആട്ടിന്‍കാഷ്ഠം, കമ്പോസ്റ്റ്, കോഴിക്കാഷ്ഠം തുടങ്ങിയ ഏതു ജൈവവളവും ജാതിക്ക് നല്‍കാവുന്നതാണ്. ജൈവവളം മാത്രമാണ് ചേര്‍ക്കുന്നതെങ്കില്‍ ഏകദേശം 20-25 കിലോ തൈപ്രായത്തില്‍ വേണ്ടിവരും. ഇതു ക്രമേണ കൂട്ടിക്കൊണ്ട് 15 വര്‍ഷം ആകുമ്പോഴേക്കും 100-150 കിലോ ജൈവവളം എങ്കിലും ഒരു ജാതിക്ക് വേണ്ടിവരും. ഫോസ്ഫറസിന്റെ ലഭ്യത ഉറപ്പാക്കാന്‍ ഏകദേശം 1-1.5 കിലോ എല്ലുപൊടിയും, പൊട്ടാസ്യം ലഭിക്കാന്‍ വേണ്ടി ചാരം 6-8 കിലോയും ചേര്‍ത്തു കൊടുക്കാന്‍ ശ്രദ്ധിക്കണം.
പുളിപ്പുള്ള മണ്ണില്‍ അമ്ലത്വം നിയന്ത്രിക്കുന്നതിനായി കുമ്മായമോ ഡോളോമെറ്റോ 500 ഗ്രാം 1 കിലോ വരെ പുളിപ്പിന്റെ തീവ്രതയനുസരിച്ച് മണ്ണു പരിശോധനയുടെ അടിസ്ഥാനത്തില്‍ ചേര്‍ത്ത് കൊടുക്കാവുന്നതാണ്. കുമ്മായ പ്രയോഗവും വളപ്രയോഗവും തമ്മില്‍ ഒരാഴ്ചത്തെയെങ്കിലും ഇടവേള നല്‍കാന്‍ ശ്രദ്ധിക്കണം. ജൈവ വളങ്ങളുടെ അഭാവവും പ്രധാന മൂലകങ്ങള്‍ അടിസ്ഥാനമാക്കിയുള്ള രാസവളപ്രയോഗവും അടുത്തകാലത്തായി സൂക്ഷ്മ മൂലകങ്ങളുടെ അഭാവത്തിന്റെ തീവ്രത കൂട്ടിയിട്ടുണ്ട്. ബോറോണ്‍ എന്ന സൂക്ഷ്മ മൂലകത്തിന്റെ അഭാവം ജാതിയില്‍ പ്രകടമായി കണ്ടുവരുന്നു. കാലാവസ്ഥാവ്യതിയാനങ്ങളും മണ്ണിന്റെ പുളിപ്പും ഒക്കെ ഒരു പരിധിവരെ ബോറോണിന്റെ അഭാവത്തിനു കാരണമാകാം.

മൂപ്പെത്തുന്നതിനു മുമ്പുതന്നെ കായ്കള്‍ വിണ്ടുപൊട്ടി പൊഴി ഞ്ഞുവീഴുന്നതിന്റെ കാരണങ്ങളിലൊന്ന് ബോറോണിന്റെ അഭാവം കാണിക്കുന്നു. അശാസ്ത്രീയമായ വളപ്രയോഗം വഴി മണ്ണിലെ പൊട്ടാസ്യത്തിന്റെ അളവു കുറയുന്നതും കായ് പൊഴിച്ചിലിനു കാരണമാകുന്നു. ചൂട് കൂടുമ്പോഴും നനകുറയുമ്പോഴും കുമിള്‍ബാധ വരുമ്പോഴും കായ് പൊഴിച്ചില്‍ ഉണ്ടാകാം. അതിനാല്‍ മണ്ണു പരിശോധനയുടെ അടിസ്ഥാനത്തില്‍ ബോറോണിന്റെ അഭാവം ഉറപ്പാക്കിയ ശേഷം മരമൊന്നിന് 50 ഗ്രാം-100 ഗ്രാം ബോറാക്‌സ് മണ്ണില്‍ ചേര്‍ത്തുകൊടുക്കുകയോ, ബോറിക്ക് ആസിഡ് അല്ലെങ്കില്‍ ബോറാക്‌സ് 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിച്ചു കൊടുക്കുകയോ ചെയ്യാവുന്നതാണ്. സോലുബോര്‍ തളിച്ചു കൊടുത്താലും മതിയാകും. സൂക്ഷ്മമൂലകങ്ങള്‍ ചേര്‍ക്കുമ്പോള്‍ ശിപാര്‍ശ ചെയ്തിട്ടുള്ള അളവിലും കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ജാതി വളര്‍ന്നു പൊങ്ങുന്നതിനനുസരിച്ച് ചുവട്ടിലെ ഒരുവരി കമ്പുകള്‍ വെട്ടി നീക്കാവുന്നതാണ്. ജലാംശം നിലനിര്‍ത്തുന്നതിനായി നല്ല പുതയിട്ടുകൊടുക്കണം. ചകിരിത്തൊണ്ടു ചുവട്ടില്‍ അടുക്കിയും ജലാംശം നിലനിര്‍ത്താം. അധികം മണ്ണിളക്കാതെ വളങ്ങള്‍ ചുവട്ടിലിട്ട് നല്ല കനത്തില്‍ പുതയിട്ടുകൊടുക്കണം.
രോഗങ്ങൾ: ഇലപ്പുള്ളി രോഗം, കായ്ചീയൽ, കരിം പൂപ്പ് രോഗം. രോഗ നിവാരണത്തിനു കൃഷി വകുപ്പുമായി ബന്ധപ്പെട്ട് ഫലപ്രദമായ പ്രതിവിധികൾ നടപ്പാക്കുക.

വിളവെടുപ്പ്: ജാതിമരങ്ങളെ നന്നായി ശുശ്രൂഷിച്ചാൽ ഏഴാം വർഷം മുതൽ വിളവെടുക്കാം. മരത്തിൽ ഏതു സമയത്തും കുറെ കായ്കൾ ഉണ്ടാകുമെങ്കിലും ഡിസംബർ - മെയ് വരെയാണു കായ്കൾ ധാരാളമായി ഉണ്ടാകുന്നത്. ജാതി മരങ്ങളിൽ ഒന്നിച്ച് പൂവുണ്ടാകാത്തതിനാൽ വിളവെടുപ്പും പല തവണയായി നടത്തേണ്ടി വരും. കായ്കൾ പറിയ്ക്കുകയും വിത്തുകൾ ശേഖരിക്കുകയും ചെയ്യുന്നതിന്റെ കൂടെ തന്നെ ജാതി പത്രിയും ശേഖരിച്ച് ഉണക്കി എടുക്കണം. ഒരാഴ്ച കൊണ്ട് ജാതിക്കായ് ഉണങ്ങിക്കിട്ടും. ഇടയ്ക്ക് വീണ്ടും ഉണക്കണം. പുകയിൽ ഉണക്കുന്നതിനേക്കാൾ വെയിലിൽ ഉണക്കുന്നതാണു നല്ലത്. ജാതിപത്രി ഉണങ്ങുമ്പോൾ നല്ല ചുമപ്പ് നിറം കിട്ടും. നല്ല നിറമുള്ള ജാതിപത്രിയ്ക്ക് നല്ല വിലയും കിട്ടും. ഉണങ്ങിയ 150-ഓളം കായ്കൾക്ക് ഒരു കി. ഗ്രാം. ഭാരമുണ്ടാകും. ജാതി പത്രിയ്ക്കാണു വിലക്കൂടുതലെങ്കിലും പത്രിയുടെ അളവ് താരതംയേന കുറവായിരിക്കും.

സംസ്ക്കരണം: ജാതി ബട്ടർ, ജാതി തൈലം, ജാതി പത്രി തൈലം, ഒളിയോറെസിൻ( പത്രിയും കായും ഉണക്കി പൊടിച്ച ശേഷം കാർബണിക ലായകങ്ങൾ ഉപയോഗിച്ച് വേർ തിരിയ്ക്കുന്നത്)

വിപണി: ഇടനിലക്കാരെ ഒഴിവാക്കിയാൽ വിപണിയിൽ നല്ല വില കിട്ടുന്നതാണു ജാതിക്കായും പത്രിയും. ഇപ്പോഴുള്ള വിപണിയിൽ നല്ല ജാതി പത്രിക്ക് കിലോയ്ക്ക് 800/- രൂപയോളമുണ്ട്. അതുപോലെ ജാതിയ്ക്കാ 250 - 300/- രുപയും.

ഡോ. ശൈലജാ കുമാരി എം. എസ്., ഡോ. ബിന്ദു
കൃഷി വിജ്ഞാന കേന്ദ്രം, കോട്ടയം



Comments

  1. നല്ല അറിവുകൾ. നന്ദി. കിലോക്കണക്കിന് കായ്കൾ മൂപ്പെത്താതെ പൊട്ടി കാലിക്കായയായി പൊയ്ക്കൊണ്ടിരിക്കയായിരുന്നു.

    ReplyDelete

Post a Comment

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം