ഹൃദയാരോഗ്യത്തിന് ഓറഞ്ച്
-----------------------
നല്ല ആരോഗ്യത്തിനും ചര്‍മ്മസംരക്ഷണത്തിനും നിറത്തിനും മുടിയുടെ വളര്‍ച്ചക്കും ഓറഞ്ച് വളരെയധികം പ്രയോജനകരമാണ്.
ഓറഞ്ചില്‍ വലിയതോതില്‍ വിറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ശരീരത്തിനാവശ്യമായ വൈറ്റ് ബ്ലഡ് സെല്ലുകള്‍ ഉത്പാദിപ്പിക്കുന്നതിന് വിറ്റാമിന്‍ സി ശരീരത്തെ സഹായിക്കുന്നുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. മാത്രമല്ല ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം പല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
ഓറഞ്ച് ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിനും നല്ലതാണ്. രക്തക്കുഴലുകളുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്ന ഹെസ്‌പെരിഡില്‍ എന്ന ആന്റിഓക്‌സിഡന്റ്‌സ് ഓറഞ്ചില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗങ്ങള്‍ തടയാന്‍ ഒരുപരിധി വരെ സഹായിക്കും. അതുപോലെ ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ കിഡ്‌നിയില്‍ കല്ലുകള്‍ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നുണ്ട്.
സൗന്ദര്യസംരക്ഷണത്തില്‍ ഓറഞ്ചിനുളള പങ്ക് നമുക്കറിയാവുന്നതാണ്. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ചര്‍മ്മത്തിന് വളരെയധികം പ്രയോജനകരമാണ്. ചെറുപ്പം നിലനിര്‍ത്തുന്നതിനും ചര്‍മ്മം മൃദുവാക്കുന്നതിനും തിളക്കമുണ്ടാക്കാനും ഓറഞ്ച് സഹായിക്കും.
ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് പഴയചര്‍മ്മ കോശങ്ങള്‍ നശിപ്പിച്ച് പുതിയവ നിര്‍മ്മിക്കുന്നതിന് സഹായിക്കും. ഇത് ചര്‍മ്മം പ്രായമാകുന്നത് തടയുന്നു. ഓറഞ്ചിലടങ്ങിയിരിക്കുന്ന സിട്രിക് ആസിഡും വിറ്റാമിന്‍ സിയും അള്‍ട്രാവയലറ്റ്് രശ്മികളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യും. ഓറഞ്ചിന്റെ അസിഡിക് നാച്ചര്‍ ചര്‍മ്മത്തിലെ കറുത്ത കുത്തുകള്‍ പതുക്കെ മായ്ക്കുന്നതിനും ചര്‍മ്മത്തിലുണ്ടാകുന്ന നിറഭേദങ്ങള്‍ തടയുന്നതിനും നിറം വര്‍ധിപ്പിക്കുന്നതിനും സഹായിക്കും.
ഭക്ഷണശേഷം ഓറഞ്ചിന്റെ തൊലി വലിച്ചെറിയാതെ അത് നന്നായി ഉണക്കി പൊടിച്ചു സൂക്ഷിച്ചാല്‍ വിവിധ ഫേസ്മാസ്‌ക്കുകള്‍ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാനാകും. മുഖക്കുരു തടയുന്നതിനും സെബത്തിന്റെ ഉല്പാദനം കുറയ്ക്കുന്നതിനും ഇത്തരം ഫേസ് മാസ്‌ക്കുകള്‍ സഹായകരമാണ്.
ഫേസ് മാസ്‌ക്ക്
രണ്ട് സ്പൂണ്‍ ഓറഞ്ചിന്റെ തൊലി ഉണക്കി പൊടിച്ചതില്‍ രണ്ടു സ്പൂണ്‍ തൈര് ഒരു സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് നന്നായി കൂട്ടിയോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിച്ച് ഇരുപത്തിയഞ്ചു മിനിട്ടിനു ശേഷം ചെറുചൂടുവെളളത്തില്‍ കഴുകി കളയുക.
മുടിക്കുളള ഒരു നല്ല മരുന്നു കൂടിയാണ് ഓറഞ്ച്. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ബയോഫ്‌ലവനോയിഡ് എന്നിവ തലയിലെ രക്തയോട്ടം വര്‍ധിപ്പിക്കുകയും അതുവഴി തലമുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും.ഫോളിക് ആസിഡ് സമൃദ്ധമാണ് ഓറഞ്ച്. മുടി കരുത്തോടെ തഴച്ചു വളരാന്‍ സഹായിക്കുന്ന ഒന്നാണ് ഫോളിക് ആസിഡ്. മാത്രമല്ല താരനം പ്രതിരോധിക്കാനും ഓറഞ്ച് സഹായിക്കും.ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഇ എന്നിവയും മുടിക്ക് ഉറപ്പും കരുത്തും നല്‍കുകയും മുടിപൊട്ടിപോകുന്നത് തടയുകയും ചെയ്യും.
ഹെയര്‍മാസ്‌ക്ക്
ഒരു ഓറഞ്ചിന്റെ നീരും ഒരു ചെറുനാരങ്ങയുടെ നീരും എടുത്ത് അതിലേക്ക് ഒരു സ്പൂണ്‍ തേനും ഒരു സ്പൂണ്‍ ഒലീവ് ഓയിലും കൂടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത ശേഷം തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കാം. ഒരു മണിക്കൂറിന് ശേഷം ഇത് കഴുകിക്കളയാം.ഈ ഹെയര്‍മാസ്‌ക്ക് താരന്‍ നിശ്ശേഷം കളയുന്നതിന് സഹായിക്കുമെന്ന് മാത്രമല്ല മുടി തിളക്കമുളളതാക്കുകയും ചെയ്യും.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം