ഡോ.ബി.എം ഹെഡ്ഗെ കസ്തൂർബ മെഡിക്കൽ കോളജിൽ അഡ്മിറ്റാണ്. പക്ഷാഘാതം - സ്ട്രോക്ക് ആണ് അസുഖം. ഒരു മോഡേൺ മെഡിസിൻ വിരുദ്ധനു രോഗമുണ്ടാകുമ്പൊ കൈകൊട്ടിച്ചിരിക്കാൻ അല്ല ഉദ്ദേശിക്കുന്നത്...

എന്താ പ്രശ്നം? ആരാ ഹെഡ്ഗെ? എന്നാണോ ചോദ്യം. അതൊരു ചെറിയ നീണ്ടകഥയാണ്.

" ചിന്തകൾ കോശതലത്തിൽ മാറ്റങ്ങൾ വരുത്തും. കോശങ്ങൾ സ്വയം അറ്റകുറ്റപ്പണി നടത്തുമെന്ന അറിവ് ശാസ്ത്രലോകം രഹസ്യമാക്കി വച്ചിരിക്കുകയാണ് " - ഇതിൽ തുടങ്ങി പിൽക്കാലത്ത് ശ്രീനിവാസൻ ക്വോട്ട് ചെയ്ത " എല്ലാ മരുന്നുകളും പെട്ടിയിലാക്കി കടലില്‍ എറിഞ്ഞാല്‍ നമ്മള്‍ രക്ഷപ്പെടും” എന്ന വാചകത്തിലൂടെ സഞ്ചരിച്ച് “രാസമരുന്നുകള്‍ കഴിച്ചാല്‍ ശരീരത്തിന്റെ സ്വയം പ്രതിരോധിക്കാന്‍ ഉള്ള കഴിവ് ഇല്ലാതാവും.” എന്നതിലൂടെ “അഹങ്കാരം ആണ് എല്ലാ ആരോഗ്യപ്രശ്നങ്ങളും സൃഷ്ട്ടിക്കുന്നത്,സഹാനുഭൂതി ഇല്ലാതാവുമ്പോള്‍ രോഗങ്ങള്‍ പുറകെ വരും " വരെ എത്തിനിൽക്കുന്ന ഒട്ടനേകം മൊഴിമുത്തുകൾ മാതൃഭൂമിയിലെ ഷബിൽ കൃഷ്ണ ന്റെ ലേഖനത്തിനു സംഭാവന ചെയ്ത മഹാനാണദ്ദേഹം

ആശുപത്രിയിൽ അഡ്മിറ്റായപ്പൊ -" സാറിന്റെ തലച്ചോറിലെ കോശം ഇപ്പൊ അറ്റകുറ്റപ്പണി നടത്തുന്നില്ലേ? " എന്നോ മരുന്ന് ചോദിക്കുമ്പൊ " പെട്ടിയിലാക്കി കടലിലെറിഞ്ഞത് പെറുക്കാൻ ആളു പോയിട്ടുണ്ട് " എന്നോ " സാറ് അഹങ്കരിച്ച് അത് മൂത്ത് വന്ന രോഗം " ആണെന്നോ പറഞ്ഞിരിക്കാൻ ചാൻസില്ല. അതിനു കൃത്യമായ ചികിൽസ നൽകും. അപകടനില തരണം ചെയ്തെന്നും കേൾക്കുന്നു. അപ്പൊ കമ്പാഷനല്ല മൂന്ന് നേരം മരുന്നായിട്ട് കൊടുക്കുന്നത്...

ഈ രോഗവിവരം ഇവിടെപ്പറയാൻ ഒരേയൊരു കാരണമേയുള്ളൂ. ആധുനിക വൈദ്യശാസ്ത്രം തട്ടിപ്പാണെന്ന് വിധിയെഴുതിയ പലരും അവസാനം ചെന്നുവീഴുന്നത് അവിടെയാണ്. അത് വ്യാജവൈദ്യനിൽ വിശ്വാസമർപ്പിച്ച കുഞ്ഞിന്റെ മാതാപിതാക്കളാണെങ്കിലും അതേ വ്യാജവൈദ്യനും പേറ്റന്റുകാരനുമാണെങ്കിലും...പറയാൻ ഭയങ്കര എളുപ്പമാ. പൈസ കിട്ടിക്കൊണ്ടിരിക്കുന്നതനുസരിച്ച് ആവേശവും കൂടിക്കൊണ്ടിരിക്കും. പിറകെ പോകുന്നവർ അറിഞ്ഞിരിക്കാൻ പറഞ്ഞെന്നേയുള്ളൂ..

ഇനി അദ്ദേഹം തന്നെ പോയതാകില്ല എന്ന് അഭിപ്രായം ആർക്കെങ്കിലുമുണ്ടെങ്കിൽ ഷബിൽ കൃഷ്ണന്റെയൊക്കെ നേതൃത്വത്തിൽ ചെന്ന് മോഡേൺ മെഡിസിന്റെ കരാളഹസ്തങ്ങളിൽ നിന്ന് അദ്ദേഹത്തെ രക്ഷിക്കണമെന്ന് അഭ്യർഥിച്ചുകൊള്ളുന്നു.

മറ്റ് ആരു രക്ഷപ്പെട്ടില്ലെങ്കിലും ഡോ.ബി.എം ഹെഡ്ഗെ പൂർണസുഖം പ്രാപിക്കട്ടെയെന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു, ആഗ്രഹിക്കുന്നു. മോഡേൺ മെഡിസിനിൽ വിശ്വസിക്കുന്നവർക്കും വിശ്വസിക്കാത്തവർക്കും നല്ലവനും കെട്ടവനും ഡോക്ടറെ തല്ലുന്നവനും ബഹുമാനിക്കുന്നവനുമെല്ലാം ഒരേ ചികിൽസയേയുള്ളെന്ന് അങ്ങനെയെങ്കിലും കുറച്ചുപേർ അറിയട്ടെ.



Comments

  1. കോശങ്ങൾ സ്വയം അറ്റകുറ്റപ്പണി നടത്തുമെന്ന അറിവ് - ഓട്ടോഫാഗി - ഇതിനല്ലേ കഴിഞ്ഞ നോബൽ സമ്മാനം വൈദ്യശാസ്ത്രത്തിന് കിട്ടിയത്??

    ReplyDelete

Post a Comment

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം