ആർത്തവാശുദ്ധി....!
ആർത്തവം അശുദ്ധിയെന്ന ചർച്ചയിലേക്ക് ചില പോയിന്റുകൾ ചേർക്കുന്നു: ആർത്തവം ആശുദ്ധിയാണെന്ന ഹസ്സന്റെ പ്രസ്താവന അദ്ദേഹത്തിന്റെയല്ല, അദ്ദേഹത്തിൻറെ മതത്തിന്റെയാണ്. അദ്ദേഹത്തിന്റെ മതം ഇസ്‌ലാമാണ്. എന്നാൽ ഈ സങ്കൽപം ഇസ്‌ലാമിന്റെ സ്വന്തമല്ല, അത് ചില പൂർവമതങ്ങളിൽ നിന്നും ഇസ്‌ലാം സ്വീകരിച്ചതാണ്. ആർത്തവമെന്നാൽ അശുദ്ധി എന്നുള്ള സങ്കൽപ്പങ്ങൾ ചില മതങ്ങളിലുണ്ട്. പ്രധാനമായും ഇത് ആര്യമതത്തിന്റെ സംഭാവനയാണ്. ആര്യമതം എന്നുദ്ദേശിച്ചത് ഇറാനിലെ പ്രധാനമതമായിരുന്ന പാഴ്‌സി മതത്തെയാണ്. പാഴ്‌സിയിൽ നിന്നാണ്, ബ്രാഹ്മണമതം, യഹൂദമതം-ഇതിൽ നിന്നുണ്ടായ ക്രിസ്ത്യൻ ഇസ്‌ലാം മതങ്ങൾ, യസീദി തുടങ്ങിയ വിവിധ മതങ്ങൾ ഉണ്ടായത്. ബ്രാഹ്മണമതത്തിലൂടെ ആർത്താവാശുദ്ധി ഹിന്ദു ഏറ്റെടുത്തു. ഏതാണ്ട് ആറായിരം വർഷങ്ങൾ മുൻപാണ് ആചാര്യ സരതുഷ്ട്രൻ പാഴ്‌സി മതാചരണങ്ങളെ ചിട്ടപ്പെടുത്തുന്നതും പല നിയമങ്ങളും ഉരുവപ്പെടുത്തുന്നതും, അന്നും അതിനു മുൻപും ആ മതത്തിൽ നിലവിലുണ്ടായിരുന്ന വിലക്കുകളിൽ പലതും അതിൽനിന്നുമുണ്ടായ പല മതങ്ങളും ഏറ്റെടുത്തു. ബ്രാഹ്മണമതം ചാതുർവർണ്യവും ദ്വിജത്വവും പാഴ്‌സിയിൽ നിന്നും ഏറ്റെടുത്തതാണ്. ...